മുംബൈ: ബി ജെ പി മഹാരാഷ്ട്ര കേരള സെല്ലിന്റെ സഹകരണത്തോടു കൂടി വസായ് സനാതന ധർമ്മസഭ 2024 ജനുവരി 6, 7, 8 തീയതികളിൽ വസായ് ശബരിഗിരി ശ്രീഅയ്യപ്പ ക്ഷേത്രത്തിലെ പ്രാർത്ഥനാ മണ്ഡപത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് വസായ് ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടനം വിശ്വഹിന്ദു പരിഷത്ത് കേരള സംസ്ഥാന അധ്യക്ഷനും ചലച്ചിത്ര സംവിധായകനുമായ വിജി തമ്പി നിർവ്വഹിക്കും.
ജനുവരി 6, 7 തീയതികളിൽ ഹിന്ദു മഹാസമ്മേളനവും 8 ന് നവചണ്ഡിക ഹോമവും നടക്കും. ആറാം തീയതി രാവിലെ 5.30 ന് ബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നൂറ്റിയെട്ട് നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ സമ്മേളന പരിപാടികൾ ആരംഭിക്കും. 8 മണിക്ക് ഉദ്ഘാടന സമ്മേളനം. 11 മണിക്ക് വനിതാ സമ്മേളനവും നാരായണീയ പാരായണവും . വൈകുന്നേരം 3 മണിക്ക് ആധ്യാത്മിക പ്രഭാഷണം . 5.30 ന് അരങ്ങ് ഉണർത്തൽ . 6 മണിക്ക് സന്യാസി ശ്രേഷ്ഠൻമാർക്കും ഹൈന്ദവ സംഘടനാ നേതാക്കൾക്കും സ്വീകരണം. സ്റ്റെല്ല ജംഗ്ഷനിൽ നിന്ന് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടു കൂടി പൂർണ്ണകുംഭം നല്കി സന്യാസി ശ്രേഷ്ഠൻമാരെയും ഹൈന്ദവ സംഘടനാ നേതാക്കളെയും സമ്മേളന നഗരിയിലേക്ക് സ്വീകരിച്ചാനയിക്കുന്നു. 7 മണിക്ക് യതി പൂജയും സന്യാസി സമ്മേളനവും . സന്യാസി സമ്മേളനത്തിൽ വച്ച് സനാതന ധർമ്മ പ്രചാരകർക്കും സംരക്ഷകർക്കും ഉള്ള ധർമ്മരക്ഷാ പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നു. രാത്രി 9 ന് ഭജന
ഏഴാം തീയതി രാവിലെ 8 മണിക്ക് സോപാന സംഗീതം. 9 മണിക്ക് യുവജന സമ്മേളനം. 11 മണിക്ക് സമാപന സമ്മേളനം. സമാപന സമ്മേളനത്തിന്റെ ഉത്ഘാടനം ഭോപ്പാൽ എം.പി സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂർ നിർവ്വഹിക്കും.തുടർന്ന് നവചണ്ഡികാ ഹോമത്തിന്റെ പ്രാരംഭ ചടങ്ങുകൾ. എട്ടാം തീയതി രാവിലെ 7 മണിക്ക് കൊല്ലൂർ മൂകാംബിക ക്ഷേത്രം തന്ത്രി ഡോ. രാമചന്ദ്ര അഡിഗയുടെ മുഖ്യകാർമ്മികത്വത്തിൽ നവചണ്ഡിക ഹോമം.
കൊളത്തൂർ അദ്വൈതാശമം മഠാധിപതി സ്വാമി ചിദാനന്ദപുരി , മുതിർന്ന ബി ജെ പി നേതാവ് കെ.രാമൻ പിള്ള , മുംബൈ ശ്രീരാമദാസ ആശ്രമ മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി,വർക്കല ശിവഗിരി മഠത്തിലെ സ്വാമി ബ്രഹ്മസ്വരൂപാനന്ദ, വസായ് ശ്രീഹനുമാൻ ലക്ഷ്മിദാം ആശ്രമ മഠാധിപതി സദാനന്ദ് ബെൻ മഹാരാജ്, ഗണേശ്പുരി ബ്രഹ്മപുരി നിത്യാനന്ദാശ്രമം മഠാധിപതി സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി,അയിരൂർ ചെറുകോൽപുഴ ജ്‌ഞാനാനന്ദാശ്രമം മഠാധിപതി സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതി, മലയാലപുഴ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുരേഷ് ഭട്ടതിരി, ഭാഗവത സപ്താഹ ആചാര്യൻ പള്ളിക്കൽ സുനിൽ ,ആറന്മുള പള്ളിയോട സേവാ സംഘം അധ്യക്ഷൻ കെ.എസ്. രാജൻ, ബിജെപി കേരള സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി, വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് ശ്രീരാജ് നായർ , സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ തുടങ്ങി ഭാരതത്തിന്റെ വിവിധ ദേശങ്ങളിൽ നിന്നായി നിരവധി സന്യാസിമാരും ഹൈന്ദവ സംഘടന നേതാക്കളും കലാകാരൻമാരും സമ്മേളനത്തിൽ പങ്കെടുക്കും.
സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങൾ സ്വാഗത സമിതിയുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നതായി വസായ് സനാതന ധർമ്മസഭ അധ്യക്ഷനും ബി ജെ പി മഹാരാഷ്ട്ര കേരള സെല്ലിന്റെ സംസ്ഥാന കൺവീനറുമായ കെ.ബി ഉത്തംകുമാർ അറിയിച്ചു.