ന്യൂഡൽഹി: മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച 2 കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ10 ബിജെപി എംപിമാർ രാജിവച്ചു. ഇതോടെ കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി ഉണ്ടാകാനുള്ള സാധ്യത വർധിച്ചു.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമര്‍, സഹമന്ത്രി പ്രഹ്‌ളാദ് പട്ടേല്‍, ഋതി പഥക്, രാകേഷ് സിങ്, ഉദയ് പ്രതാപ് സിങ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ദിയ കുമാരി, അരുണ്‍ സോ, ഗോമ്തി സായി തുടങ്ങിയവരാണ് രാജിവച്ചത്. രാജ്യസഭാ എംപി കിരോരി ലാൽ മീണയും രാജി സമർപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദയുടേയും നിർദേശപ്രകാരം സ്പീക്കറുടെ ഓഫീസിൽ എത്തിയാണ് എംപിമാർ രാജിക്കത്ത് സമർപ്പിച്ചത്. പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദയും എംപിമാർക്കൊപ്പം ഉണ്ടായിരുന്നു.