ഗോഹട്ടി: അസമിലെ നാഗോൺ ജില്ലയിൽ പത്താം ക്ലാസുകാരിയെ കൂട്ട ബലാത്സംഘം ചെയ്ത് റോഡരികിൽ തള്ളി. വിദ്യാർഥിനിയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച ശേഷം പൊലീസിൽ പരാതി നൽകി. ലൈംഗികാതിക്രമം സ്ഥിരീകരിക്കാനുള്ള മെഡിക്കൽ പരിശോധനയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഓഗസ്റ്റ് 9 ന് കൊൽക്കത്ത ആശുപത്രിയിൽ 31 കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ശേഷം ലൈംഗികാതിക്രമങ്ങൾക്കെതിരെ ദേശീയ രോഷം ഉയരുന്നതിനിടെയാണ് ഈ സംഭവം. ഇതിനിടെ നാഗോണിലെ മനുഷ‍്യ അവകാശ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത 3 പ്രതികളെ 12 മണിക്കൂറിനുള്ളിൽ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
പെൺകുട്ടിയെ അബോധാവസ്ഥയിൽ കുളത്തിന് സമീപം സൈക്കിളുമായി കണ്ടെത്തിയതായി പ്രദേശവാസികൾ പറഞ്ഞു. പെൺകുട്ടി കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു പീഡനം നടന്നതെന്നാണ് റിപ്പോർട്ട്.
പെൺകുട്ടി റോഡരികിൽ കിടക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ അവളോട് ചോദിച്ചു. "അവൾക്ക് ശരിയായി സംസാരിക്കാൻ കഴിഞ്ഞില്ല മൂന്ന് ചെറുപ്പക്കാർ ചേർന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്ന് അവൾ ഞങ്ങളോട് പറഞ്ഞു" പ്രദേശവാസികൾ വ‍്യക്തമാക്കി.
പ്രതിഷേധത്തെ തുടർന്ന് പ്രദേശത്തെ കടകളും മാർക്കറ്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വെള്ളിയാഴ്ച്ച അടച്ചിടും.