ലഖ്‌നൗ: വാരണാസിയിൽ നിന്നും സബർമതിയിലേക്ക് പോകുകയായിരുന്ന സബർമതി എക്സ്പ്രസിന്‍റെ 22 കോച്ചുകൾ ഉത്തർപ്രദേശിലെ കാൺപൂരിന് സമീപം പാളം തെറ്റി. കാൺപൂരിൽ നിന്ന് ട്രെയിൻ പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. ഭിംസെൻ സ്‌റ്റേഷന് സമീപം ട്രെയിൻ പാളം തെറ്റുകയായിരുന്നു.
ശനിയാഴ്‌ച പുലർച്ച രണ്ടരയോടെയാണ് സംഭവം നടന്നതെന്ന് നോർത്ത് സെൻട്രൽ റെയിൽവേ (എൻസിആർ) സീനിയർ പബ്ലിക് റിലേഷൻസ് ഓഫീസർ ശശികാന്ത് ത്രിപാഠി വ‍്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് പരുക്കുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. യാത്രക്കാരെ കാൺപൂരിലേക്ക് മാറ്റുന്നതിനായി ഇന്ത്യൻ റെയിൽവേ സംഭവസ്ഥലത്തേക്ക് ബസുകൾ അയച്ചിരുന്നു.
ഡ്രൈവർ പറയുന്നതനുസരിച്ച് റെയിൽവെ ട്രാക്കിലുണ്ടായിരുന്ന ഒരു വലിയ വസ്‌തുവിൽ ട്രെയിനിന്‍റെ എൻജിൻ ഇടിച്ചതാണ് പാളം തെറ്റാൻ ഇടയാക്കിയതെന്നും സംഭവത്തിൽ സാമൂഹ‍്യ വിരുദ്ധരുടെ പങ്കാളിത്തം പരിശോധിച്ചുവരികയാണെന്നും റെയിൽവെ അധിക‍്യതർ വ‍്യക്തമാക്കി. അതേസമയം പാളം തെറ്റിയതിനെ തുടർന്ന് 7 ട്രെയിനുകൾ റദ്ദാക്കിയതായും മൂന്നെണ്ണം വഴിതിരിച്ചുവിട്ടതായും റെയിൽവേ അറിയിച്ചു.