പ്രതിദിനം 70000 വാഹനങ്ങളുടെ ഗതാഗതത്തിനു സൗകര്യം.
വർഷം രണ്ടര ലക്ഷം കോടി ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കും
കാറുകൾക്ക് ഒരു വശത്തേക്ക് ടോൾ 250 രൂപ, ഇരുവശത്തേക്കുമായി 370 രൂപ
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തിനു സമർപ്പിച്ചു. മുംബൈയിലെ സെവാരിയിൽ നിന്നു റായ്ഗഡിലെ നവഷേവയിലേക്ക് 21.8 കിലോമീറ്റർ നീളമുള്ള പാലമാണു (മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്- എംടിഎച്ച്എൽ) ഗതാഗതത്തിനു തുറന്നു കൊടുത്തത്. ഇതോടെ, മുംബൈ - നവി മുംബൈ യാത്രാസമയം രണ്ട് മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറഞ്ഞു. അടല്‍സേതു എന്നാണ് പാലം അറിയപ്പെടുക. 2016 ഡിസംബറില്‍ മോദി തന്നെയാണ് പാലത്തിന് തറക്കല്ലിട്ടത്.
17,840 കോടി ചെലവ്, ഇന്ധന ഉപയോഗം കുറയ്ക്കും
ആറു വരിപ്പാതയാണ് എംടിഎച്ച്എൽ. അടിയന്തര ആവശ്യങ്ങൾക്കായി രണ്ടു വരി അധികമായുണ്ട്. 16.5 കിലോമീറ്റർ കടലിനു മുകളിലൂടെയാണ്. ബാക്കി കരയിലൂടെ. 17,840 കോടിയിലധികം രൂപ നിർമാണച്ചെലവ്. കടലിലും നദിയിലും കായലിലുമായി ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ പാലമാണിത്. ലോകത്തിലെ കടൽപ്പാലങ്ങളിൽ നീളംകൊണ്ട് 12ാം സ്ഥാനം. വർഷം ഒരുകോടി ലിറ്റർ ഇന്ധന ഉപയോഗം കുറയും.
ദക്ഷിണേന്ത്യയിലേക്കും യാത്ര എളുപ്പം
മുംബൈ, നവി മുംബൈ വിമാനത്താവളത്തിലേക്കു യാത്ര എളുപ്പമാകും. മുംബൈയില്‍ നിന്ന് പുണെ, ഗോവ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കും. മുംബൈ തുറമുഖവും ജവഹര്‍ലാല്‍ നെഹ്റു തുറമുഖവും തമ്മിലുള്ള സമ്പര്‍ക്കസൗകര്യവും മെച്ചപ്പെടുത്തും.