ഭോപ്പാൽ: കുഴൽക്കിണറിൽനിന്ന് 52 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെടുത്ത രണ്ടര വയസുകാരി മരിച്ചു. മധ്യപ്രദേശിലെ സെഹോർ സ്വദേശിയായ സൃഷ്ടിയാണ് മരിച്ചത്. ചൊവ്വാഴ്ച്ചയാണ് കുഞ്ഞ് കുഴൽക്കിണറിൽ വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
പാടത്തിന് സമീപത്ത് കളിക്കുന്നതിനിടെയാണ് കുട്ടി കുഴൽക്കിണറിൽ വീഴുകയായിരുന്നു. 300 അടി താഴ്ചയാണ് കിണറിനുള്ളത്. കുട്ടി 40 അടി താഴ്ചയിലാണ് ആദ്യം കുടുങ്ങിയത്. രക്ഷാപ്രവർത്തനത്തിനിടെ 100 അടി താഴ്ചയിലേക്ക് കുട്ടി വീണ്ടും പതിച്ചു. സൈന്യവും ദേശീയ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
ഗുജറാത്തിൽ നിന്നു റോബോട്ടിക്ക് വിദഗ്ധർ ഉൾപ്പെടെ പ്രത്യേക സംഘവും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. റോബോർട്ടിനെ കുഴൽക്കിണറിലേക്ക് ഇറങ്ങി സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു. കുട്ടിക്ക് പൈപ്പിലൂടെ ഓക്സിജൻ നൽകി ജീവൻ നിലനിർത്താനുള്ള ശ്രമങ്ങളും നടന്നു. എന്നാൽ കുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല.