രാജ്‌കോട്ട്: 8,000 കിലോ സവാള മോഷ്ടിച്ച 3 പേർ അറസ്റ്റിൽ. 3 ലക്ഷം രൂപ വിലവരുന്ന സവാളയാണ് ഗോഡൌണിൽ നിന്നും മൂവരും അടിച്ചു മാറ്റിയത്. സംഭവത്തിൽ മോർബി ജില്ലയിലെ വൻകനേർ സ്വദേശികളായ കർഷകൻ സാബിർഹുസൈൻ ഷെർസിയ (33), വ്യാപാരി ജാബിർ ബാദി (30), ഡ്രൈവറും കർഷകനുമായ നസ്രുദ്ദീൻ ബാദി 45) എന്നിവരുമാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 3.11 ലക്ഷം രൂപയും 1600 രൂപ വിലവരുന്ന 40 കിലോ ഉള്ളിയും 3 ലക്ഷം രൂപ വിലവരുന്ന ട്രക്കും പൊലീസ് പിടിച്ചെടുത്തു.
ഇമ്രാൻ ബോറാനിയ (35) എന്ന കർഷകൻ മറ്റൊരാളിൽ നിന്ന് വാടകയ്ക്ക് എടുത്ത ഗോഡൌണിൽ സൂക്ഷിച്ചു വച്ച സവാളയാണ് മോഷണം പോയത്. എന്നാൽ ഒക്ടോബർ 5ന് ഇത് വിൽക്കാനായി എത്തിയപ്പോഴാണ് സവാള നഷ്ടമായെന്ന് മനസിലാക്കുന്നതും പൊലീസിൽ അറിയിക്കുന്നതും. തുടർന്ന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ച സവോള വിൽപനയ്ക്ക് പോകുമ്പോഴാണ് പ്രതികൾ പിടിയിലായത്.
ചോദ്യം ചെയ്യലിൽ, ഇവർ മോഷണം നടത്തിയതായും പെട്ടന്ന് പണത്തിന് ആവശ്യം വന്നതുകൊണ്ടാണ് സവാള അടിച്ച് മാറ്റിയതെന്നുമാണ് ഇവർ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. വിൽപനയിൽ നിന്ന് ലഭിച്ച തുകയും ഇതു വിശദമാക്കുന്ന ബില്ലും ഇവരുടെ പക്കൽ നിന്നും പൊലീസിന് കണ്ടെടുത്തു.