ഭോപ്പാൽ: ഇന്ത്യയുടെ ചീറ്റ പുനരധിവാസ പദ്ധതിയിൽ പ്രതീക്ഷ നൽകി വീണ്ടുമൊരു ചീറ്റ പ്രസവം. നമീബിയയിൽ നിന്നു മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച പെൺ ചീറ്റ ആശ മൂന്നു കുഞ്ഞുങ്ങൾക്കു ജന്മം നൽകി.
കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവാണ് ആശയുടെയും ചീറ്റക്കുഞ്ഞുങ്ങളുടെയും വിഡിയൊ ദൃശ്യം സമൂഹമാധ്യമത്തിൽ പങ്കുവച്ച് ഇക്കാര്യം അറിയിച്ചത്. പരിസ്ഥിതി സന്തുലനം പുനഃസ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായി നടപ്പാക്കുന്ന പ്രോജക്റ്റ് ചീറ്റയുടെ ഗർജിക്കുന്ന വിജയമാണിതെന്നും ഭൂപേന്ദർ യാദവ്.
കഴിഞ്ഞ മാർച്ചിൽ, നമീബിയയിൽ നിന്നു തന്നെയുള്ള ജ്വാല (സിയായ) എന്ന പെൺചീറ്റ നാലു കുട്ടികളെ പ്രസവിച്ചിരുന്നു. എന്നാൽ, ഇതിൽ ഒരു കുഞ്ഞിനു മാത്രമാണ് ഇന്ത്യൻ സാഹചര്യങ്ങളെ അതിജീവിക്കാനായത്. മൂന്നു കുട്ടികൾ കൂടി ജനിച്ചതോടെ രാജ്യത്തെ ചീറ്റകളുടെ എണ്ണം 18 ആയി ഉയർന്നു. ഇതിൽ 14 ചീറ്റകൾ പ്രായപൂർത്തിയായവയും നാലെണ്ണം കുഞ്ഞുങ്ങളുമാണ്. കുഞ്ഞുങ്ങളെ ഏതാനും മാസം കൂടിനുള്ളിൽ നിരീക്ഷിച്ച് ആരോഗ്യം ഉറപ്പുവരുത്തിയശേഷമേ തുറന്നുവിടൂ.