പൂഞ്ച്: ജമ്മു കശ്മീരിലെ അതിർത്തി ജില്ലയായ പൂഞ്ചിൽ നടന്ന സൈനിക റിക്രൂട്ട്മെന്‍റ് റാലിയിൽ പങ്കെടുത്തത് 26000 യുവാക്കൾ. സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി നീക്കിയശേഷം ആദ്യമായി പൂഞ്ചിൽ നടത്തിയ റിക്രൂട്ട്മെന്‍റ് റാലിയിലാണ് അദ്ഭുതപ്പെടുത്തുന്ന യുവപ്രാതിനിധ്യം. സൈന്യത്തിലെ ജനറൽ ഡ്യൂട്ടി വിഭാഗത്തിൽ 307 ഉം ടെറിട്ടോറിയൽ ആർമിയിൽ ക്ലർക്ക്, ട്രേഡ്സ്മാൻ തസ്തികളിലേക്കു 45ഉം ഒഴിവുകൾ നികത്താനായിരുന്നു പരിപാടി.
സുരൻകോട്ടിലെ അഡ്വാൻസ് ലാൻഡിങ് ഗ്രൗണ്ടിൽ കഴിഞ്ഞ എട്ടിനാരംഭിച്ച റിക്രൂട്ട്മെന്‍റ് റാലിയിയിൽ ജമ്മു ഡിവിഷനിലെ 31 താലൂക്കുകളിൽ നിന്നുള്ള യുവാക്കളാണു പങ്കെടുത്തത്. 10 ദിവസത്തെ റാലിയിൽ പങ്കെടുത്ത യുവാക്കൾ രാജ്യത്തിനുവേണ്ടി സേവനം നടത്താനുളള സന്നദ്ധത അറിയിച്ചെന്നു സേന. 4000 പേർ പ്രാഥമിക ശാരീരിക പരിശോധനയിൽ വിജയിച്ചു. ഇനിയിവർക്ക് വൈദ്യ പരിശോധനയുണ്ടാകും.