army file image
India

വീണ്ടും യുദ്ധക്കളമായി ജമ്മു

ജമ്മു: ജമ്മു കശ്മീരിലെ ദോഡയിൽ ജയ്ഷ് ഇ മുഹമ്മദ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പരുക്കേറ്റ ക്യാപ്റ്റൻ ഉൾപ്പെടെ നാലു സൈനികർക്കു വീരമൃത്യു. ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പ, നായിക് ഡി. രാജേഷ്, ബിജേന്ദ്ര, അജയ് എന്നിവരാണ് ഇന്നലെ രാവിലെ മരണത്തിനു കീഴടങ്ങിയത്. ഒരു സൈനികൻ ആശുപത്രിയിൽ ചികിത്സയിൽ.

മൂന്നാഴ്ചയ്ക്കിടെ സംസ്ഥാനത്ത് രക്ഷാസേനയ്ക്കു നേരേയുണ്ടാകുന്ന മൂന്നാമത്തെ വലിയ ആക്രമണമാണിത്. കഴിഞ്ഞയാഴ്ച കഠുവയിലെ മച്ചെഡി വനമേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഭീകരരെ ഉന്മൂലനം ചെയ്യുമെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും സൈന്യം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പോളിങ് രേഖപ്പെടുത്തിയ ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിനു തയാറെടുക്കുമ്പോഴാണു തുടർച്ചയായ ആക്രമണങ്ങൾ. നുഴഞ്ഞുകയറാൻ തയാറായി നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരരുടെ വൻ സംഘം തമ്പടിച്ചിട്ടുണ്ടെന്ന് സേനാ വൃത്തങ്ങൾ നേരത്തേ സൂചിപ്പിച്ചിരുന്നു.

ആക്രമണം നടത്തിയ ഭീകരർക്കുവേണ്ടി രാഷ്‌ട്രീയ റൈഫിൾസും ജമ്മു കശ്മീർ പൊലീസിന്‍റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും ചേർന്ന് ദോഡ വനമേഖലയിലെ ധരി ഗോട്ട് ഉരർബാഗി മേഖലയിൽ തെരച്ചിൽ തുടരുകയാണ്. ദോഡ നഗരത്തിൽ നിന്ന് 55 കിലോമീറ്റർ അകലെയാണ് ഈ വനമേഖല.

തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു ഏറ്റുമുട്ടലിനു തുടക്കം. വെടിവയ്പ്പിനെത്തുടർന്നു ചെങ്കുത്തായ വനമേഖലയിലേക്കു കടന്ന ഭീകരരെ പിന്തുടർന്നെത്തിയപ്പോഴാണ് അഞ്ചു സൈനികർക്കു വെടിയേറ്റത്. നാലു പേർ ഇന്നലെ രാവിലെ മരിച്ചു. രാജ്യം ധീര സൈനികർക്ക് ആദരമർപ്പിക്കുന്നുവെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ഭീകരരെ കണ്ടെത്താൻ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണു തെരച്ചിൽ. സൈന്യത്തിന്‍റെ പാരാ കമാൻഡോകളെയും ഇവിടെ വിന്യസിച്ചു. ഏതാനും മാസം മുൻപ് പാക്കിസ്ഥാനിൽ നിന്നെത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണു കരുതുന്നത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു