ലഖ്നൗ: ജോലി സമ്മർദം കാരണമുള്ള ആത്മഹത്യ രാജ്യത്ത് തുടർക്കഥയാകുന്നു. ഉത്തർ പ്രദേശിൽ ബജാജ് ഫിനാൻസ് ജീവനക്കാരനാണ് ഏറ്റവുമൊടുവിൽ ജീവനൊടുക്കിയത്.
കഴിഞ്ഞ രണ്ടു മാസമായി മേലുദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദം ശക്തമാണെന്നാണ് തരുൺ സക്സേന തന്‍റെ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നത്. ടാർജെറ്റ് അച്ചീവ് ചെയ്തില്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിയുണ്ടായിരുന്നതായും പറയുന്നു.
42 വയസുള്ള തരുണിനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയെയും രണ്ടു മക്കളെയും മറ്റൊരു മുറിയിലാക്കിയ ശേഷമായിരുന്നു കടുംകൈ.
പരമാവധി ശ്രമിച്ചിട്ടും തനിക്ക് ടാർജെറ്റ് എത്തിക്കാൻ സാധിക്കുന്നില്ലെന്ന്, ഭാര്യയ്ക്ക് എഴുതിയ് അഞ്ച് പേജ് കത്തിൽ തരുൺ വ്യക്തമാക്കുന്നു. ബജാജ് ഫിനാൻസ് ലോണിന്‍റെ ഇഎംഐ പിരിച്ചെടുക്കലായിരുന്നു അദ്ദേഹത്തിന്‍റെ ജോലി. ഇതു സാധിക്കാതെ വരുമ്പോൾ മേലുദ്യോഗസ്ഥർ അവഹേളിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. ''ചിന്തിക്കാനുള്ള ശേഷി പോലും നഷ്ടപ്പെട്ടു, ഞാൻ പോകുന്നു'', അദ്ദേഹം കത്തിൽ എഴുതി.
ഇഎംഐ പിരിച്ചെടുക്കാൻ കഴിയാതെ വരുമ്പോൾ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നു തന്നെ തുക ഈടാക്കുന്ന രീതിയും സ്ഥാപനത്തിലുണ്ടെന്നാണ് തരുണിന്‍റെ കത്തിൽ പറയുന്നത്. 45 ദിവസമായി ഉറങ്ങിയിട്ടില്ല. ശരിയായി ഭക്ഷണം പോലും കഴിച്ചിട്ടില്ല. കടുത്ത സമ്മർദമാണ്. ടാർജെറ്റ് എത്തിക്കാനായില്ലെങ്കിൽ ജോലിയിൽ നിന്നു പിരിഞ്ഞു പോകാനാണു പറയുന്നതെന്നും തരുൺ.
കുട്ടികളുടെ സ്കൂൾ ഫീസ് വർഷാവസനം വരെയുള്ളത് മുൻകൂറായി അടച്ചിട്ടുണ്ടെന്ന് കത്തിൽ സൂചിപ്പിച്ച തരുൺ, കുടുംബാംഗങ്ങളോട് മാപ്പ് ചോദിക്കുന്നുമുണ്ട്.
''അച്ഛാ, അമ്മേ, ഞാൻ ഇതുവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, ഇപ്പോൾ ഒരു കാര്യം ചോദിക്കുകയാണ്. വീടിനു മുകളിൽ ഒരു നില പണിയണം. മേഘയും യഥാർഥും പിഹുവും അവിടെ സുഖമായി താമസിക്കട്ടെ'' എന്നു പറയുന്ന കത്തിൽ, തന്‍റെ മരണത്തിനു കാരണക്കാരായി തരുൺ കണക്കാക്കുന്ന മേലുദ്യോഗസ്ഥരുടെ പേരുകളും എഴുതിയിട്ടുണ്ട്.