ലോക്‌സഭാംഗങ്ങളിൽ 504 പേർ കോടീശ്വരർ 
India

ലോക്‌സഭാംഗങ്ങളിൽ 504 പേർ കോടീശ്വരർ

105 പേരുടെ വിദ്യാഭ്യാസം അഞ്ചാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനുമിടയിൽ. 46% എംപിമാർക്കെതിരേ ക്രിമിനൽ കേസ്

ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ശരാശരി പ്രായം 56 ആയി കുറഞ്ഞു. 17-ാം ലോക്സഭയുടെ ശരാശരി പ്രായം 59 ആയിരുന്നു. 11 ശതമാനം എംപിമാർ 40 വയസിൽ താഴെയുള്ളവരാണ്. 38 ശതമാനം 41-55 പ്രായക്കാർ. ഡിഎംകെ എംപി ടി.ആർ. ബാലു (82) ആണ് സഭയിലെ കാരണവർ. എസ്പിയുടെ പുഷ്പേന്ദ്ര സരോജും പ്രിയ സരോജും സഭയിലെ കുട്ടികൾ. ഇരുവർക്കും പ്രായം 25 വയസ്. 46 ശതമാനം എംപിമാർക്കെതിരേ ക്രിമിനൽ കേസുകളുണ്ട്. 27 പേർ ശിക്ഷിക്കപ്പെട്ടവരാണ്. 170 പേർക്കെതിരേ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, വധം, വധശ്രമം തുടങ്ങിയ കേസുകളുണ്ട്. 2019ലെക്കാൾ അധികമാണ് ഗുരുതരമായ കേസ് നേരിടുന്നവരുടെ തോത്.

ബിജെപി എംപിമാരിൽ 94 പേർ (39%) ക്രിമിനൽ കേസ് നേരിടുന്നുണ്ട്. കോൺഗ്രസിൽ 49 പേർ (49%), എസ്പിയിൽ 21 പേർ (45%), തൃണമൂൽ കോൺഗ്രസിൽ 13 (45%), ഡിഎംകെയിൽ 13 (59%) എന്നിങ്ങനെയാണു ക്രിമിനൽ കേസ് നേരിടുന്നവരുടെ എണ്ണം. പുതിയ എംപിമാരിൽ 105 പേരുടെ വിദ്യാഭ്യാസം അഞ്ചാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനുമിടയിലാണ്. 420 പേർ ബിരുദമോ അതിനു മുകളിലോ നേടിയിട്ടുണ്ട്. 17 പേർക്ക് ഡിപ്ലോമ. ഒരാൾക്ക് സാക്ഷരത മാത്രം. ഭൂരിപക്ഷം എംപിമാരുടെയും തൊഴിലായി രേഖപ്പെടുത്തിയിട്ടുള്ളത് കൃഷിയും സാമൂഹിക സേവനവും. വിജയിച്ചവരിൽ 93 ശതമാനവും (504 പേർ) കോടിപതികളാണ്. 2019ൽ ഇത് 88 ശതമാനമായിരുന്നു.

5705 കോടിയുടെ ആസ്തിയുള്ള ടിഡിപിയുടെ ചന്ദ്രശേഖർ പെമ്മസാനിയാണ് സഭയിലെ സമ്പന്നരിൽ മുന്നിൽ. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നിന്നുള്ള എംപിയാണ് അദ്ദേഹം. തെലങ്കാനയിലെ ചെവെല്ലയിൽ നിന്നുള്ള ബിജെപി എംപി കൊണ്ട വിശ്വേശ്വര റെഡ്ഡിക്ക് 4568 കോടിയുടെയും ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്നുള്ള ബിജെപി എംപി നവീൻ ജിൻഡാലിന് 1241 കോടിയുടെും ആസ്തിയുണ്ട്.

പ്രവചനാതീതം പാലക്കാട്

റേഷൻ കടകൾ അടഞ്ഞുകിടക്കും; വ്യാപാരികളുമായി ഉടൻ ചർച്ച

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയേക്കും

മോദി ജി20 യോഗത്തിന് ബ്രസീലിൽ; ബൈഡനുമായി ചർച്ച നടത്തി

വഖഫ് ഭൂമി തർക്കം: റീസർവേയെച്ചൊല്ലി മന്ത്രിമാർ തമ്മിൽ ഭിന്നത