ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ സ്റ്റാഫ് ബൈഭവ് കുമാർ അപമര്യാദയായി പെരുമാറിയെന്ന എഎപി എംപി സ്വാതി മലിവാളിന്‍റെ പരാതി തള്ളി പാർട്ടി. സ്വാതി കെജ്‌രിവാളിന്‍റെ വസതിയിലെത്തിയതും സ്റ്റാഫുമായി തർക്കിക്കുന്നതുമായ വിഡിയോ ആം ആദ്മി പാർട്ടി പുറത്തു വിട്ടു. ബൈഭവ് കുമാറിനെതിരേ മലിവാൾ ഔദ്യോഗികമായി പരാതി നൽകിയതിനു പുറകേയാണ് ആം ആദ്മി പാർട്ടി സ്വാതിക്കെതിരേ തിരിഞ്ഞിരിക്കുന്നത്. ബൈഭവ് കുമാറിനെതിരേയുള്ള ആരോപണത്തിനു പിന്നിൽ ബിജെപിയുടെ ഗൂഢാലോചനയാണെന്നാണ് പാർട്ടി ആരോപിക്കുന്നത്. സ്വാതി മലിവാൾ സംഭവത്തിലെ സത്യം എന്ന കുറിപ്പോടെയാണ് ആം ആദ്മി പാർട്ടി വിഡിയോ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കെജ്‌രിവാളിന്‍റെ വസതിയിൽ ഇരുന്ന് സ്വാതി മലിവാൾ സ്റ്റാഫുകളുമായി കയർക്കുന്ന വിഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. എന്നാൽ ഈ വിഡിയോ സ്വാതിയെ ബൈഭവ് കുമാർ ആക്രമിച്ചതിനു ശേഷം ഉള്ളതാണെന്നും ആരോപണമുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി നിൽക്കേ സ്വാതി മലിവാൾ കെജ്‌രിവാളിന്‍റെ സ്റ്റാഫിനെതിരേ രംഗത്തു വന്നത് ആം ആദ്മി പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പൊലീസിന് നൽകിയ പരാതിയിൽ ഗുരുതരമായ കുറ്റങ്ങളാണ് സ്വാതി ആരോപിച്ചിരിക്കുന്നത്. കെജ്രിവാളിന്‍റെ വസതിയിലെത്തിയ തന്നെ തുടർച്ചയായി എട്ടു തവണയോളം മുഖത്തടിച്ചുവെന്നും വയറ്റിലും മാറിലും അരയ്ക്കു കീഴ്പ്പോട്ടും ചവിട്ടിയെന്നും അവർ ആരോപിക്കുന്നുണ്ട്.
താൻ സഹായത്തിനു വേണ്ടി ആവശ്യപ്പെട്ടിട്ടും ആരും സഹായിക്കാനായി എത്തിയില്ലെന്നും പരാതിയിലുണ്ട്. കൊന്നു കുഴിച്ചു മൂടുമെന്ന് ബൈഭവ് കുമാർ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.