പുതിയ ഡൽഹി മുഖ്യമന്ത്രിയെ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കും 
India

പിൻഗാമിയാര്? അതിഷി മുതൽ സുനിത വരെ; പ്രഖ്യാപനം 12 മണിക്ക്

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്‍റെ പിൻഗാമിയെ തീരുമാനിക്കാനുള്ള തിരക്കിട്ട ചർച്ചകളിലാണ് എഎപി നേതൃത്വം. തിങ്കളാഴ്ച കെജ്‌രിവാളും മുതിർന്ന നേതാവ് മനീഷ് സിസോദിയയുമായുള്ള ചർച്ചയ്ക്കുശേഷം എഎപിയുടെ രാഷ്‌ട്രീയകാര്യ സമിതി ചേർന്നു. കെജ്‌രിവാളിന്‍റെ വസതിയിൽ ചേർന്ന യോഗത്തിൽ സൗരഭ് ഭരദ്വാജ് ഉൾപ്പെടെ മുതിർന്ന നേതാക്കൾ പങ്കെടുത്തു. ഇതിനുശേഷം എംഎൽഎമാർ ഓരോരുത്തരുമായി കെജ്‌രിവാൾ പ്രത്യേക കൂടിക്കാഴ്ചകൾ നടത്തി. ഇന്നു രാവിലെ 11.00ന് ചേരുന്ന എംഎൽഎമാരുടെ യോഗം പുതിയ നേതാവിനെ തീരുമാനിച്ചേക്കും. ഉച്ചയ്ക്ക് 12 മണിയോടെ പ്രഖ്യാപനം ഉണ്ടായേക്കും.

വിദ്യാഭ്യാസ, പിഡബ്ല്യുഡി മന്ത്രി അതിഷി, വിജിലൻസ് മന്ത്രിയും മുതിർന്ന എംഎൽഎയുമായ സൗരഭ് ഭരദ്വാജ്, എഎപി ദേശീയ എക്സിക്യൂട്ടിവ് അംഗവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ, നിയമജ്ഞനും ഗതാഗത- ആഭ്യന്തര മന്ത്രിയുമായ കൈലാഷ് ഗെഹ്‌ലോട്ട്, രാജ്യസഭാംഗവും പാർട്ടിയുടെ ദേശീയ മുഖവുമായ സഞ്ജയ് സിങ്, തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ രാഖി ബിർള, മന്ത്രി ഗോപാൽ റായ് എന്നിവർക്കും സാധ്യത കൽപ്പിക്കപ്പെടുന്നു. കെജ്‌രിവാൾ ജയിലിലായിരിക്കെ പാർട്ടിയെ നയിച്ച ഭാര്യ സുനിത കെജ്‌രിവാളിനെ മുഖ്യമന്ത്രിയാക്കുന്നതും പരിഗണിച്ചേക്കാം. എന്നാൽ, കുടുംബാധിപത്യ ആരോപണം ബിജെപി ഉയർത്തുമെന്നതാണ് ഇക്കാര്യത്തിൽ എഎപിക്കുള്ള പ്രതിസന്ധി.

ഒരു നീക്കം, ഒട്ടേറെ ലക്ഷ്യങ്ങൾ

* രാഷ്‌ട്രീയ വൈരത്തിന്‍റെ ഇരയെന്ന പ്രചാരണം, പൊതുജനത്തിന്‍റെ അനുകമ്പ

* തെരഞ്ഞെടുപ്പ് നേരത്തേയാക്കിയാൽ പുതിയ മുഖ്യമന്ത്രിക്ക് പ്രവർത്തിക്കാൻ അവസരം കിട്ടില്ല

* കെജ്‌രിവാളും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമടക്കം നേതാക്കൾ അഴിമതിക്കേസുകൾ നേരിടുന്നു; ഈ ആരോപണങ്ങളെ പ്രതിരോധിക്കാം.

* 2013 ഡിസംബർ മുതൽ (2014-15ലെ രാഷ്‌ട്രപതി ഭരണം ഒഴികെ) ഡൽഹിയിൽ എഎപിയാണ് ഭരിക്കുന്നത്. ഭരണവിരുദ്ധ വികാരം നേരിടാൻ രാജി സഹായിച്ചേക്കാം.

‌* മാസങ്ങളായി കെജ്‌രിവാൾ ജയിലിൽ കഴിഞ്ഞത് ഡൽഹിയിൽ ഭരണസ്തംഭനമുണ്ടാക്കിയിരുന്നു. രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താൻ ബിജെപി ആവശ്യപ്പെടുന്നു. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാം.

* കെജ്‌രിവാൾ അധികാരത്തിൽ കടിച്ചുതൂങ്ങുന്നുവെന്ന ആക്ഷേപത്തിനു തടയിടാം.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി