ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ - യുഎഇ ചർച്ച 
India

ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ - യുഎഇ ചർച്ച

അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ഇന്ത്യയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച

ന്യൂഡൽഹി: അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ചർച്ച നടത്തി.

കിരീടാവകാശി എന്ന നിലയിൽ ശൈഖ് ഖാലിദിന്‍റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. ഹൈദരാബാദ് ഹൗസിൽ അദ്ദേഹത്തെ പ്രധാനമന്ത്രി സ്വീകരിച്ചു. യുഎഇ സർക്കാരിന്‍റെയും രാജകുടുംബത്തിന്‍റെയും അടുത്ത തലമുറയുമായി ഇന്ത്യ നടത്തുന്ന ആദ്യ ഔദ്യോഗിക സംഭാഷണം കൂടിയാണിത്. അബുദാബി ഭരണാധികാരി യുഎഇയുടെ പ്രസിഡന്‍റാകുന്നതാണ് കീഴ്‌വഴക്കം. ഇപ്പോഴത്തെ കിരീടാവകാശി അബുദാബിയുടെ ഭരണ നേതൃത്വം ഏറ്റെടുക്കുന്നതോടെ അദ്ദേഹം യുഎഇ പ്രസിഡന്‍റുമാകും.

യുഎഇയുമായുള്ള ബന്ധത്തിന് ഇന്ത്യ കൽപ്പിക്കുന്ന മൂല്യത്തിനു തെളിവായാണ് അടുത്ത തലമുറ ഭരണാധികാരികളുമായി നടത്തുന്ന ചർച്ചകൾ വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രിക്കു പുറമേ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും ശൈഖ് ഖാലിദ് കൂടിക്കാഴ്ച നടത്തും.

ചൊവ്വാഴ്ച മുംബൈയിലെത്തുന്ന അദ്ദേഹം, ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യവസായികൾ പങ്കെടുക്കുന്ന ബിസിനസ് ഫോറത്തിലും സംസാരിക്കും.

34 വർഷത്തിനിടെ യുഎഇ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 2015 ഓഗസ്റ്റിൽ അദ്ദേഹം നടത്തിയ ആ ചരിത്രപരമായ സന്ദർശനത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്.

നിലവിൽ യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അറബ് ലോകത്ത് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി യുഎഇയും. ഈ പതിറ്റാണ്ടിന്‍റെ അവസാനത്തോടെ ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരം 100 ബില്യൻ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ ഇത് 85 ബില്യനായിരുന്നു.

ഇന്ത്യയിൽ നേരിട്ട് വിദേശ നിക്ഷേപം നടത്തുന്ന രാജ്യങ്ങളിൽ നാലാം സ്ഥാനവും യുഎഇക്കുണ്ട്.

ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചു

6 വയസുകാരിയെ പീഡിപ്പിച്ചു; അമ്മൂമ്മയുടെ കാമുകന് ഇരട്ട ജീവപര്യന്തം

ഇടത് സ്വതന്ത്ര സ്ഥാനാർഥി പി. സരിന് ചിഹ്നം സ്റ്റെതസ്‌കോപ്പ്

നടൻ ക്രിസ് വേണുഗോപാലും സീരിയൽ നടി ദിവ്യയും വിവാഹിതരായി; രൂക്ഷമായ സൈബർ ആക്രമണം

തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; എഐവൈഎഫ് നേതാവിന്‍റെ ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്