ഹൈദരാബാദ്: വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ നടി കസ്തൂരി ശങ്കർ അറസ്റ്റിൽ. ചെന്നൈയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിൽ നിന്നാണ് നടിയെ പിടികൂടിയത്. തെലുങ്ക് സ്ത്രീകൾക്കെതിരേ നടത്തിയ പരാമർശത്തിൽ മുൻകൂർ ജാമ്യഹർജി നൽകിയിരുന്നെങ്കിലും മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. അതിനു പിന്നാലെയാണ് അറസ്റ്റ്.
തമിഴ് രാജാക്കന്‍മാരുടെ അന്ത:പുരങ്ങളില്‍ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കറെന്ന് ഹിന്ദു മക്കൾ കക്ഷിയുടെ പ്രകടനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. സംഭവം വിവാദമായതോടെ നടി മാപ്പു പറഞ്ഞെങ്കിലും പ്രതിഷേധം കെട്ടടങ്ങിയില്ല. ഇതേ തുടർന്ന് കസ്തൂരി ഒളിവിലായിരുന്നു.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബിജെപി അനുഭാവിയായ നടിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാമർശം വളച്ചൊടിച്ചതാണെന്ന് കാട്ടി നടി സമൂഹ മാധ്യമത്തിൽ ക്ഷമ പറഞ്ഞിരുന്നു.