ന്യൂഡൽഹി: ആരോഗ്യ പ്രവർത്തന രംഗത്ത് സുപ്രധാന നേട്ടവുമായി ഡൽഹി എയിംസ് ആശുപത്രി. ഗർഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ വെറും 90 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കിയാണ് എയിംസ് അത്ഭുതകരമായ ആ നേട്ടത്തിലേക്കെത്തിയത്. അമ്മയുടെ ഉദരത്തിൽ കഴിയുന്ന കുഞ്ഞിന്‍റെ മുന്തിരി വലുപ്പമുള്ള ഹൃദയത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
മൂന്നു തവണ ഗർഭം അലസി പോയ 28 കാരിയുടെ ഗര്‍ഭസ്ഥ ശിശുവിനാണ് കഴിഞ്ഞ ദിവസം വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഏറെ വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയക്കു പിന്നാലെ കുട്ടി സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു.
ഒബ്‌സ്റ്റെട്രിക്‌സ് ആന്‍റ് ഗൈനക്കോളജി വിദഗ്ധർ, കാര്‍ഡിയോളജി ആന്‍റ് കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗത്തിലെ വിദഗ്ധരുമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്‍റേയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗർഭസ്ഥ ശിശുവിന് ഹൃദയസംബന്ധമായി രേഗമുണ്ടെന്ന് കണ്ടെത്തയിതോടെ ശസ്ത്രക്രിയ ചെയ്യാനുള്ള ഡോക്ടർമാരുടെ നിർദ്ദേശത്തെ ദമ്പതികൾ പിന്തുണക്കുകയായിരുന്നു.
തുടർന്ന് അൾട്രാസൗണ്ടിന്‍റെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. യുവതിയുടെ വയറിലൂടെ ഗർഭസ്ഥ ശിശുവിന്‍റെ ഹൃദയത്തിൽ സൂചിയെത്തിച്ച് ബലൂൺ ഡൈലേഷൻ രീതിയിൽ വാൽവിലെ തടസ്സം നീക്കുകയായിരുന്നു. വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ശസ്ത്രക്രിയ. ഏകദേശം ഒന്നര മിനിറ്റിനുള്ളിൽ പൂർത്തിയാക്കി. എന്തെങ്കിലും ചെറിയ പിഴവെങ്കിലും സംഭവിച്ചിരുന്നെങ്കിൽ കുട്ടിയുടെ ജീവിതം തന്നെ അപകടത്തിലാവുമായിരുന്നു.ശസ്ത്രക്രിയക്ക് ശേഷം ഹൃദയം വാൽവ് വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നായി ഡോക്‌ടർ വ്യക്തമാക്കി