ന്യൂഡൽഹി: ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തിൽ ഗുജറാത്തിലെ 90 മീറ്റർ ഉയരമുള്ള കൂറ്റൻ ടവർ നീക്കം ചെയ്ത് ആകാശവാണി. കാറ്റ് വീശി ടവർ വീണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കുന്നതിനായാണ് ഇത്തരമൊരു നടപടിയെന്നാണ് ആകാശവാണിയുടെ വിശദീകരണം. ഗുജറാത്തിലെ ദ്വാരകയിലുണ്ടായിരുന്ന ടവറാണ് നീക്കം ചെയ്തത്. ഗുജറാത്തിലെ കച്ച് സൗരാഷ്ട്ര മേഖലകളിൽ വ്യാഴാഴ്ചയോടെ ബിജോർപോയ് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ജനുവരിയിൽ നടത്തിയ സുരക്ഷാ ഓഡിറ്റിങ്ങിൽ സൂററ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നിന്നുള്ള വിദഗ്ധരും പ്രസാർ ഭാരതിയിലെ സിവിൽ കൺസ്ട്രക്ഷൻ വിങ്ങും ടവർ നീക്കം ചെയ്യാനായി ശുപാർശ ചെയ്തിരുന്നു. 35 വർഷം മുൻപേ സ്ഥാപിച്ചതാണ് ടവർ.
ടവർ ഒഴിവാക്കിയാലും പ്രദേശത്ത് സേവനം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ആകാശവാണി. ദ്വാരക, കച്ച്, പോർബന്തർ, ജാംനഗർ, രാജ്കോട്ട്, ജുനാഗർ, മോർബി ജില്ലകളിൽ വ്യാഴാഴ്ചയോടെ മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശിയേക്കാമെന്നാണ് മുന്നറിയിപ്പ്.