arbitration tribunal award tata rs 766 crore compensation 
India

സിംഗുർ കാർ ഫാക്റ്ററി: ടാറ്റയ്ക്ക് പശ്ചിമ ബംഗാൾ സർക്കാർ 766 കോടി നൽകണം

നിർണായക വിധിയുമായി ആർബിട്രൽ ട്രൈബ്യൂണൽ

കോൽക്കത്ത: സിംഗുരിലെ നാനോ കാർ ഫാക്റ്ററി അടച്ചുപൂട്ടേണ്ടി വന്നതു മൂലം ടാറ്റ മോട്ടോഴ്സിനുണ്ടായ നഷ്ടം നികത്താൻ പശ്ചിമ ബംഗാൾ സർക്കാർ 765.78 കോടി രൂപ നൽകണമെന്ന് മൂന്നംഗ ആർബിട്രൽ പാനൽ.

ഈ തുകയ്ക്ക് 2016 സെപ്റ്റംബർ ഒന്നു മുതൽ 11 ശതമാനം പലിശയും നൽകണം. കൂടാതെ ആർബിട്രേഷൻ ചെലവിനത്തിൽ ഒരു കോടി രൂപയും ടാറ്റയ്ക്കു നൽകണം. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ടാറ്റ മോട്ടോഴ്സ് സമർപ്പിച്ച റിപ്പോർട്ടിലാണു പശ്ചിമ ബംഗാൾ സർക്കാരിന് കനത്ത തിരിച്ചടിയാകുന്ന ആർബിട്രൽ ട്രൈബ്യൂണൽ വിധിയെക്കുറിച്ചു വിശദീകരിക്കുന്നത്. സാധാരണ പലിശയാണെങ്കിൽ തന്നെ ഇത് 589 കോടിയിലേറെ രൂപ വരും. അങ്ങനെയെങ്കിൽ നഷ്ടപരിഹാരം 1355 കോടിയിലേറെയായി ഉയരും. നഷ്ടപരിഹാരം നൽകുന്നത് നീണ്ടു പോകുന്തോറും തുക വർധിക്കും. പശ്ചിമ ബംഗാൾ വ്യവസായ വികസന കോർപ്പറേഷനാണു നഷ്ടം നൽകേണ്ടത്.

രാജ്യത്ത് ഏറെ വിവാദങ്ങൾക്കും പശ്ചിമ ബംഗാളിൽ രാഷ്‌ട്രീയ സമരങ്ങൾക്കും ഭരണമാറ്റത്തിനും വഴിയൊരുക്കിയ സംഭവമാണ് സിംഗുരിലെ നാനോ ഫാക്റ്ററിക്കുള്ള ഭൂമിയേറ്റെടുക്കൽ. സമരത്തെത്തുടർന്നു 2008ൽ സിംഗുരിലെ ഫാക്റ്ററി ഉപേക്ഷിച്ച ടാറ്റ ഗുജറാത്തിലെ സാനന്ദിൽ നാനോ ഫാക്റ്ററി തുടങ്ങിയിരുന്നു. 2010ൽ ഈ ഫാക്റ്ററി ഉദ്ഘാടനം ചെയ്തു. 2020ൽ നാനോ കാർ പിൻവലിച്ച ടാറ്റ ഇവിടെയിപ്പോൾ ടിയാഗോ ഉൾപ്പെടെയുള്ളവയാണു നിർമിക്കുന്നത്.

പശ്ചിമ ബംഗാളിൽ ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാരിന്‍റെ ഭരണകാലത്താണ് സിംഗുരിൽ കാർ ഫാക്റ്ററിക്കായി ഭൂമി നൽകുന്നത്. എന്നാൽ, കൃഷി ഭൂമി ചട്ടങ്ങൾ ലംഘിച്ച് ഏറ്റെടുത്തത് സമരത്തിലും നിയമനടപടികളിലും കുരുങ്ങി. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി നേതൃത്വം നൽകിയ സമരത്തിനൊടുവിൽ ടാറ്റ പിന്മാറി. 2011ൽ മമത മുഖ്യമന്ത്രിയായതോടെ ഫാക്റ്ററിക്ക് പകരം ഭൂമി നൽകാമെന്ന് അറിയിച്ചെങ്കിലും ഇടതു സർക്കാരിന്‍റെ കാലത്ത് ഭൂമിയേറ്റെടുക്കാൻ നൽകിയ 154 കോടി രൂപയും നഷ്ടപരിഹാരവും മതിയെന്ന നിലപാടിലായിരുന്നു ടാറ്റ. ഇടതു സർക്കാർ ഭൂമിയേറ്റെടുത്തത് എല്ലാ നിയമങ്ങളും ലംഘിച്ചാണെന്ന് 2016ൽ സുപ്രീം കോടതി വിധിച്ചിരുന്നു.

അതേസമയം, ടാറ്റ മോട്ടോഴ്സിന് 766 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ട്രൈബ്യൂണൽ വിധിക്കെതിരേ നിയമപരമായ മാർഗം തേടുമെന്നു പശ്ചിമ ബംഗാൾ ഭരണകക്ഷി തൃണമൂൽ കോൺഗ്രസ്. ഇത് അന്തിമ വിധിയല്ല. സുപ്രീം കോടതിയുടെ വിധിയുമല്ല. സർക്കാരിനു മുന്നിൽ നിയമപരമായ സാധ്യതകൾ അവശേഷിക്കുന്നുണ്ട്. അതുപയോഗിക്കും- തൃണമൂൽ എംപി സൗഗത റോയി പറഞ്ഞു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?