ന്യൂഡൽഹി: ഡൽഹിയിൽ ബസ് ഡ്രൈവറുമായുള്ള തർക്കത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഓടുന്ന ബസിൽ നിന്ന് എടുത്ത് ചാടി. ബുധനാഴ്ച വൈകുന്നേരം ബുരാരിയിലെ നാഥ്പുര മേഖലയിലാണ് സംഭവം. പെൺകുട്ടിക്ക് പരിചയമുള്ള ഡ്രൈവർമാരായ ദീപക്, മനോജ് എന്നിവരുമായി ബസിൽ വച്ച് തർക്കമുണ്ടാവുകയും അൽപ്പ സമയത്തിന് ശേഷം പെൺകുട്ടി ബസിൽ നിന്ന് എടുത്ത് ചാടുകയായിരുന്നു. ഇബ്രാഹിംപൂർ ചൗക്കിൽ നിന്നാണ് പെൺകുട്ടി ബസിൽ കയറിയത്. പീഡനശ്രമമുണ്ടായതിനെ തുടർന്നാണ് പെൺകുട്ടി ബസിൽ നിന്ന് എടുത്ത് ചാടിയതെന്ന വാർത്ത പരന്നതോടെ ആൾകൂട്ടം ഇരുവരെയും മർദിച്ചു.
ഉടനെ പൊലീസ് സ്ഥലത്തെത്തുകയും പെൺകുട്ടിയെയും രണ്ട് പുരുഷന്മാരെയും മെഡിക്കൽ പരിശോധനയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയി ചെയ്തു. ഇരുവരും തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി . സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.