ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അഞ്ചരമാസമായി ജയിലിൽ തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനായി. സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് ജയിൽ മോചനം. നിരവധി ആം ആദ്മി പാർട്ടി പ്രവർത്തകരാണ് നേതാവിനെ സ്വീകരിക്കാനായി തീഹാർ ജയിലിനു മുന്നിൽ തടിച്ചു കൂടിയിരുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എംപി സഞ്ജയ് സിങ് എന്നിവർ കെജ്‌രിവാളിനെ സ്വീകരിക്കാനായി എത്തിയിരുന്നു.
കനത്ത മഴയ അവഗണിച്ച് നിരവധി പേർ തന്നെ സ്വീകരിക്കാനായി എത്തിയതിന് കെജ്‌രിവാൾ നന്ദി പറഞ്ഞു. ജീവിതത്തിൽ ഒട്ടേറെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്. എന്നാൽ സത്യത്തിന്‍റെ പാതയിലൂടെയാണ് ഞാൻ നടന്നിരുന്നത്. അതിനാൽ ദൈവം എപ്പോഴും തനിക്കൊപ്പമുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു.
കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയാണ് സുപ്രീം കോടതി ജാമ്യം നൽകിയത്. മാർച്ച് 21നാണ് അഴിമതിക്കേസിൽ ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. പിന്നീട് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി മേയ് 10 മുതൽ 21 ദിവസത്തേക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂൺ രണ്ടിന് ജയിലിലേക്ക് മടങ്ങിയ കെജ്‌രിവാളിന് കേസിൽ ജാമ്യം ലഭിച്ചുവെങ്കിലും സിബിഐ ഇതേ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയതോടെ ജയിൽ മോചനം നീളുകയായിരുന്നു.