ജയ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വാഗ്ദാനങ്ങളുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. നവംബർ 15 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക് ഉപകാരപ്രദമായ 5 വാഗ്ദാനങ്ങൾ പാലിക്കുമെന്ന് അശോക് ഗെലോട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പഴയ പെൻഷൻ പദ്ധതി (OPS) സംബന്ധിച്ച നിയമം പാസാക്കും, 2 രൂപ നിരക്കിൽ ചാണകം വിതരണം ചെയ്യും, ഗവൺമെന്‍റ് കോളെജ് വിദ്യാർഥികൾക്ക് ലാപ്‌ടോപ്പോ ടാബ്‌ലെറ്റോ നൽകുകയും ചെയ്യും. ഇതിന് പുറമേ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മുൻഗണന നൽകും, പ്രകൃതി ദുരന്തങ്ങൾക്ക് 15 ലക്ഷം ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി ഉറപ്പാക്കാൻ നിയമം പാസാക്കും, ഭാവിയിൽ ഒരു സംവിധാനത്തിനും പഴയ പെൻഷൻ പദ്ധതിയെ ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ കോളെജുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ആദ്യ വർഷം ടാബ്‌ലെറ്റോ ലാപ്‌ടോപ്പോ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പുറമേ 500 രൂപയ്ക്ക് കുക്കിങ് ഗ്യാസ് നൽകുക, സ്ത്രീകൾ നയിക്കുന്ന 1.05 കോടി കുടുംബങ്ങൾക്ക് 10,000 രൂപ വാർഷിക ഓണറേറിയം തവണകളായി നൽകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വാദ്രയിൽ നടന്ന പൊതു റാലിയിൽ വച്ച് പ്രിയങ്കഗാന്ധി നൽകിയ ഈ 2 വാഗ്ദാനങ്ങളും ഗെലോട്ട് വീണ്ടും ആവർത്തിക്കുകയായിരുന്നു.