ഗുവാഹത്തി: മുസ്ലീം വിവാഹ - വിവാഹ മോചന രജിസ്ട്രേഷൻ നിയമം റദ്ദാക്കാൻ അസം മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സംസ്ഥാന്തത് ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നതിനുള്ള ആദ്യപടിയായാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തൽ. അസമിലും നിയമം നടപ്പാക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ പറഞ്ഞിരുന്നു.
ഫെബ്രുവരി 28 ന് നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ മുസ്ലീം വിവാഹ നിയമം റദ്ദാക്കാനുള്ള ബില്ല് അവതരിപ്പിക്കും. ഇതിന് മുന്നോടിയായാണ് വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രി സഭായോഗത്തില്‍ നിയമം റദ്ദാക്കുന്നതിന് അംഗീകാരം നല്‍കിയത്.
2011-ലെ സെന്‍സസ് പ്രകാരം അസം ജനസംഖ്യയുടെ 34 ശതമാനവും മുസ്ലീം സമൂഹമാണ്. വധൂവരന്മാര്‍ക്ക് 18-ഉം 21-ഉം വയസ്സ് ആയിട്ടില്ലെങ്കില്‍ പോലും നിയമപ്രകാരം വിവാഹ രജിസ്‌ട്രേഷന്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ ഈ നിയമത്തില്‍ അടങ്ങിയിരിക്കുന്നു. അസമില്‍ ശൈശവവിവാഹം നിരോധിക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ പറഞ്ഞു. ഇനി മുതൽ പ്രത്യേക വിവാഹ നിയമപ്രകാരം എല്ലാ വിവാഹങ്ങളും രിജസ്റ്റര്‍ ചെയ്യാമെന്നും അസം മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു.