ന്യൂഡൽഹി: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യയിലെ വിമാനത്താവളം സ്വീകരിച്ചത് നൂറിലേറെ വിമാനങ്ങളെ. 7,000ലേറെ അതിഥികളെയാണ് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചത്. ഇവരെയും വഹിച്ചുള്ള വിമാനങ്ങളുടെ ലാൻഡിങ്ങിനും ടെയ്ക്ക് ഓഫിനുമായിരുന്നു ഇന്നലെ വിമാനത്താവളം സാക്ഷ്യം വഹിച്ചത്.
ഇന്നലെ രാവിലെ മുതൽ ഉച്ചയ്ക്കു രണ്ടര വരെ ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പെടെ 18 വിമാനങ്ങൾ ലാൻഡ് ചെയ്തു. 17 വിമാനങ്ങൾ ഇവിടെ നിന്നു പറന്നുയർന്നു. ഞായറാഴ്ചയും വിമാനങ്ങളുടെ തിരക്കായിരുന്നെന്ന് അധികൃതർ. 90ലേറെ വിമാന സർവീസുകൾക്കാണ് ഞായറാഴ്ച സാക്ഷ്യം വഹിച്ചത്.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, അനുപം ഖേർ, കൈലാസ് ഖേർ, സച്ചിൻ ടെൻഡുൽക്കർ, അമിതാഭ് ബച്ചൻ, അനിൽ അംബാനി, രവിശങ്കർ പ്രസാദ് തുടങ്ങിയവർ ഇന്നലെ രാവിലെയെത്തി. ഹേമമാലിനി, ശ്രീശ്രീ രവിശങ്കർ, രജനികാന്ത്, കങ്കണ റണാവത്ത് തുടങ്ങിയവർ ഞായറാഴ്ച തന്നെ നഗരത്തിലെത്തിയിരുന്നു.