ന്യൂഡൽഹി: പതഞ്ജലിയുടെ തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയെന്ന കേസിൽ സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി ക്ഷമ ചോദിച്ച് പതഞ്ജലി ആയുർവേദ സഹസ്ഥാപകൻ ബാബ രാംദേവ്. എന്നാൽ ഉപാധികളില്ലാതെ മാപ്പപേക്ഷിച്ച് ഇരുവരും നൽകിയ സത്യവാങ്മൂലം അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കമ്പനിയുടെ മാനേജിങ് ഡയറക്‌ടർ ആചാര്യ ബാലകൃഷ്ണയ്ക്കൊപ്പമാണ് ബാബ രാംദേവ് കോടതിയിൽ ഹാജരായത്.
ഹൃദയത്തിൽ നിന്നുള്ള ക്ഷമയാചനയല്ലെന്ന് കോടതി നിരീക്ഷിച്ചു. പിന്നാലെയാണ് ഇരുവരും സമർപ്പിച്ച സത്യവാങ്മൂലം അംഗീകരിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചത്. പരസ്യങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പി ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യക്കേസിലാണ് ഇരുവരും സത്യവാങ്മൂലം നൽകിയത്. കേസ് ഏപ്രിൽ 10 ന് വീണ്ടും പരിഗണിക്കും. അതിന് മുമ്പ് എല്ലാ മറുപടികളും സമർപ്പിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.