ഇംഫാൽ: രാജിക്കത്തെഴുതി അനുയായികളെക്കൊണ്ട് കീറിക്കളയിച്ച് ഹീറോയായ മണിപ്പൂരിലെ ബിജെപി മുഖ്യമന്ത്രി ബിരേൻ സിങ് തൽസ്ഥാനത്ത് തുടരും. പുതിയ വിവാദത്തിന്‍റെ പശ്ചാത്തലത്തിലും അദ്ദേഹം സ്ഥാനമൊഴിയില്ലെന്നാണ് സംസ്ഥാന ബിജെപി നേതൃത്വം പുറത്തുവിടുന്ന സൂചന.
മുഖ്യമന്ത്രിയെ മാറ്റുന്നതിനെക്കുറിച്ച് ഒരുതരത്തിലുള്ള ചർച്ചയും നടക്കുന്നില്ലെന്നും, ക്രമസമാധാനം ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും ബിജെപി നേതാക്കൾ പറയുന്നു.
രണ്ടു സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തുകയും ലൈംഗികമായി അതിക്രമം കാട്ടുകയും ചെയ്തതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ബിരേൻ സിങ്ങിന്‍റെ നില കൂടുതൽ പരുങ്ങലിലായത്. ഇത്തരത്തിൽ നൂറു കണക്കിന് സംഭവങ്ങൾ സംസ്ഥാനത്ത് നടക്കാറുണ്ടെന്ന മുഖ്യമന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവന കൂടി പുറത്തുവന്നതോടെ വിവാദം രൂക്ഷമായി.
മേയ് നാലിനു നടന്ന സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത് ഈ മാസം മാത്രമാണ്. ഇതു വിവാദമായതിനെത്തുടർന്നാണ് കേസെടുക്കാൻ പൊലും പൊലീസ് തയാറായത്. ഇതെത്തുടർന്ന് വ്യാഴാഴ്ച നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാനത്ത് കലാപം അടിച്ചമർത്താനെന്ന പേരിൽ ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുന്നതു കാരണമാണ് ഇത്തരം സംഭവങ്ങൾ പുറംലോകം അറിയുക പോലും ചെയ്യാതിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.