ന്യൂഡൽഹി: വ്യവസായ പ്രമുഖനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരേ യുഎസ് കോടതി അഴിമതി കുറ്റം ചുമത്തിയതിനു പിന്നാലെ രൂക്ഷ വിമർശനവുമായെത്തിയ രാഹുൽ ഗാന്ധിക്കെതിരേ തിരിച്ചടിച്ച് ബിജെപി. മോദിയും അദാനിയും അഴിമതിക്കാരാണെന്നായിരുന്നു രാഹുലിന്‍റെ വിമർശനം.
2002 മുതൽ രാഹുലും സോണിയ ഗാന്ധിയും മോദിയുടെ പ്രതിച്ഛായയെ തകർക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ ഇത് വരെ അത് വിജയത്തിലെത്തിയില്ലെന്നും ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. പ്രതിപക്ഷ പാർട്ടി മോദിയെ ആക്രമിക്കുന്ന ദിവസം വിദേശരാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി മോദി ഏറ്റുവാങ്ങിയെന്നും പത്ര ചൂണ്ടിക്കാട്ടി.
അദാനി അഴിമതിക്കാരനാണെങ്കിൽ പിന്നെ എന്തിനാണ് കോൺഗ്രസ് സർക്കാരുകൾ അദ്ദേഹത്തിന്‍റെ കമ്പനിയിൽ നിന്ന് നിക്ഷേപം തേടുന്നതെന്നും പത്ര ചോദിച്ചു. ഛത്തീസ്ഗഡിലും രാജസ്ഥാനിലും അടക്കം കോൺഗ്രസ് ഭരിക്കുന്ന രാജ്യങ്ങളിൽ അദാനിയുടെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും കണക്കുകൾ നിരത്തി പത്ര വ്യക്തമാക്കി.
ഛത്തീസ്ഗഡിലും രാജസ്ഥാനിലും യഥാക്രമം ഭൂപേഷ് ബാഗേലും അശോക് ഗെലോട്ടും 25,000 കോടിയും 65,000 കോടിയും നിക്ഷേപിച്ചു. ഡിഎംകെ ഭരിക്കുന്ന തമിഴ്‌നാട്ടിൽ കമ്പനി 45,000 കോടി രൂപ നിക്ഷേപിക്കുകയും നൈപുണ്യ വികസന ഫൗണ്ടേഷനു വേണ്ടി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് 100 കോടി രൂപ സംഭാവന നൽകിയെന്നും വാർത്താ സമ്മേളനത്തിൽ പത്ര ചൂണ്ടിക്കാട്ടി.
അദാനിക്കെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. അദാനി ഇന്ത്യയിലേയും യുഎസിലേയും നിയമം ലംഘിച്ചെന്ന് ഉറപ്പായെന്നും അദാനിയെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ ഈ വിഷയം ലോക്സഭയിൽ ഉന്നയിക്കുമെന്നും ജെപിസി അന്വേഷണം ആവശ്യപ്പെടുമെന്നും രാഹുൽ പറഞ്ഞു.
അഴിമതി കാട്ടിയ അദാനി രാജ്യത്ത് സ്വതന്ത്രമായി നടക്കുകയാണ്. മോദിയും അദാനിയും ഒന്നിച്ചാണ് അഴിമതി നടത്തിയത്. മോദി അദാനിയെ സംരക്ഷിക്കുകയാണെന്ന ഞങ്ങളുടെ ആരോപണങ്ങൾ ഇത് ശരിവയ്ക്കുന്നുവെന്നും രാഹുൽ പറഞ്ഞു. മോദിയും അദാനിയും ഒരുമിച്ചാണെങ്കിൽ അവർ ഇന്ത്യയിൽ സുരക്ഷിതരാണെന്നും രാഹുൽ പറഞ്ഞു. അദാനിയെ എത്രയും വേഗം അറസ്റ്റു ചെയ്യണം. ഇന്ത്യയിൽവച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയോ അന്വേഷണത്തിന് വിധേയമാക്കുകയോ ചെയ്യില്ല, അരാണ് അധികാരത്തിലെന്ന് നോക്കാതെ എല്ലാ സംസ്ഥാനത്തും അദാനിക്കെതിരേ അന്വേഷണം നടത്തണമെന്നും രാഹുൽ പറഞ്ഞു.