Rajya Sabha 
India

രാജ്യസഭയിൽ ഭൂരിപക്ഷത്തിന് ബിജെപിക്ക് ഇനിയും വേണം നാല് സീറ്റ്

ഇപ്പോൾ 30 സീറ്റിൽ ജയിച്ചതോടെ എൻഡിഎയ്ക്ക് 117 അംഗങ്ങളായി. ഇതിൽ 97 അംഗങ്ങളും ബിജെപിയിൽ നിന്നാണ്

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ഉപരിസഭയായ രാജ്യസഭയിൽ ഭൂരിപക്ഷം നേടാൻ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന് ഇനി വേണ്ടത് നാല് സീറ്റ് കൂടി മാത്രം. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 10 സീറ്റുകളിലേക്ക് ബിജെപി പ്രതിനിധികൾ വിജയിച്ചിരുന്നു. 20 പേർ നേരത്തെ എതിരില്ലാതെയും തെരഞ്ഞെടുക്കപ്പെട്ടു.

240 ആണ് രാജ്യസഭയുടെ ഇപ്പോഴത്തെ അംഗബലം. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 121 സീറ്റ്. ഇപ്പോൾ 30 സീറ്റിൽ ജയിച്ചതോടെ എൻഡിഎയ്ക്ക് 117 അംഗങ്ങളായി. ഇതിൽ 97 അംഗങ്ങളും ബിജെപിയിൽ നിന്നാണ്. സർക്കാർ നിമനിർദേശപ്രകാരം രാജ്യസഭാംഗത്വം ലഭിച്ച അഞ്ച് പേർ ബിജെപിയിൽ ചേർന്നിരുന്നു. രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും ബിജെപി തന്നെ. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിന് 29 അംഗങ്ങൾ മാത്രം.

ചൊവ്വാഴ്ച മൂന്നു സംസ്ഥാനങ്ങളിലെ 15 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകൾ കൂറു മാറ്റ വോട്ടുകളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിജെപി ജയിച്ച 10 സീറ്റ് കൂടാതെ, കോൺഗ്രസ് മൂന്നു സീറ്റിലും സമാജ്‌വാദി പാർട്ടി രണ്ടു സീറ്റിലുമാണ് ജയിച്ചത്. ഉത്തർ പ്രദേശിലും ഹിമാചൽ പ്രദേശിലും എതിർ പാർട്ടികൾക്ക് അർഹതപ്പെട്ട ഓരോ സീറ്റ് പിടിച്ചെടുക്കാൻ ബിജെപിക്കു സാധിച്ചു.

കോൺഗ്രസിന്‍റെ ദേശീയ നേതാവ് കൂടിയായ മനു അഭിഷേക് സിങ്‌വിയാണ് ഹിമാചൽ പ്രദേശിൽ ആറ് എംഎൽഎമാരുടെ കൂറുമാറ്റം കാരണം പരാജയപ്പെട്ടത്. ഇതോടെ ഹിമാചലിലെ കോൺഗ്രസ് മന്ത്രിസഭയുടെ നിലനിൽപ്പ് തന്നെ അപകടത്തിലായിരിക്കുകയാണ്.

കർണാടകയിൽ മാത്രമാണ് കൂറുമാറ്റങ്ങളില്ലാതെ, നിയമസഭയിലെ കക്ഷിനില പ്രകാരം തന്നെ രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നത്. കോൺഗ്രസ് അംഗങ്ങളുടെ എണ്ണത്തെക്കാൾ കൂടുതൽ വോട്ടുകൾ ഇവിടെ പാർട്ടി സ്ഥാനാർഥികൾക്കു കിട്ടുകയും ചെയ്തു. ബിജെപി എംഎൽഎ എസ്.ടി. സോമശേഖർ ഇവിടെ കോൺഗ്രസ് സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തത്.

ശബരിമലയിൽ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കാൻ ഗൂഢനീക്കം

യു എ ഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി

എഡിജിപി അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകില്ല

ഐപിഎൽ: രോഹിത്തിനെ നില നിർത്തി മുംബൈ, പന്തിനെ തള്ളി ഡൽ‌ഹി

യാക്കോബായ സഭ അധ‍്യക്ഷൻ ശ്രേഷ്ഠ കാതോലിക്ക ബാവ വിടവാങ്ങി