മധുര: പഴനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തില്‍ "ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനം' എന്നെഴുതിയ ബോര്‍ഡ് പുനഃസ്ഥാപിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തമിഴ്നാട് സര്‍ക്കാരിന്റെ ഹിന്ദു റിലീജിയസ് ആന്‍ഡ് എന്‍ഡോവ്മെന്റ് വകുപ്പിനോട് ആവശ്യപ്പെട്ടു.
ക്ഷേത്രദര്‍ശനത്തിന് എന്ന പേരിലെത്തിയ ഒരു മുസ്ലിം കുടുംബത്തിന്റെ പരാതിയുടെ പേരില്‍ സര്‍ക്കാര്‍ ഈ ബോര്‍ഡ് എടുത്തുമാറ്റിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
ക്ഷേത്രത്തില്‍ സര്‍ക്കാര്‍ നടത്തിയ കടന്നുകയറ്റം ചോദ്യം ചെയ്ത് ഒരു ഭക്തന് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. നോട്ടീസ് ബോര്‍ഡ് അതേ സ്ഥലത്ത് തന്നെ സ്ഥാപിക്കണം- കോടതി ഉത്തരവിട്ടു.
കഴിഞ്ഞ മാസം അവസാനമാണ് ബുര്‍ഖ ധരിച്ച സ്ത്രീകളടക്കം ഒരു സംഘം ആളുകള്‍ ക്ഷേത്രത്തിലെത്തിയത്. പഴനി മല കയറാൻ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇവര്‍ ക്ഷേത്ര ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഡ്മിനിസ്ട്രേറ്റിവ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ "ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനം' എന്ന ബോര്‍ഡ് നീക്കുകയായിരുന്നു.