വാരാണസി: തക്കാളി വില വർധനവിൽ പ്രതിഷേധിച്ച് തക്കാളിക്ക് സുരക്ഷാജീവനക്കാരെ നിയമിച്ച് പ്രതിഷേധിച്ച കച്ചവടക്കാരനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. പച്ചക്കറിക്കടയിലെ തക്കാളിക്കുട്ടയ്ക്ക് ഇരു വശവും യൂണിഫോം ധരിച്ച സുരക്ഷാ ജീവനക്കാർ കാവൽ നിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൻതോതിൽ പ്രചരിച്ചിരുന്നു. അതിനു പിന്നാലെയാണ് കടയുടെ ഉടമയായ ജഗ്‌നാരായൺ യാദവിനെയും മകൻ വികാസ് യാദവിനെയും അപകീർത്തിക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയ സമാജ്‌വാദി പാർട്ടി നേതാവ് അജയ് ഫോജി ഇപ്പോൾ ഒളിവിലാണ്.
തക്കാളിയുടെ വില പറയുമ്പോൾ അക്രമാസക്തരാകുന്ന ഉപഭോക്താക്കളിൽ നിന്ന് കച്ചവടക്കാരനെ സംരക്ഷിക്കാനായാണ് സുരക്ഷാ ജീവനക്കാരെ നിയമിച്ചതെന്നാണ് ഫോജെ വിഡിയോയിൽ പറഞ്ഞിരുന്നത്. തക്കാളി വില വർധനവിനെതിരേയുള്ള പോസ്റ്ററുകളും കടയിൽ സ്ഥാപിച്ചിരുന്നു. അടുത്തിടെ എസ് പി പ്രസിഡന്‍റ് അഖിലേഷ് യാദവിന്‍റെ പിറന്നാൽ ദിനത്തിൽ തക്കാളിയുടെ ആകൃതിയിലുള്ള കേക്ക് മുറിച്ചും പ്രദേശവാസികൾക്ക് തക്കാളി വിതരണം ചെയ്തും ഫോസി ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെയാണ് സുരക്ഷാ ജീവനക്കാരെ നിയമിച്ചു കൊണ്ടുള്ള പ്രതിഷേധം സംഘടിപ്പിച്ചത്.