അഹമ്മദാബാദ്: മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ബുള്ളറ്റ് ട്രെയ്ൻ പദ്ധതിക്കുവേണ്ടി ഗുജറാത്തിലെ നവസരിയിൽ ഒരു മാസത്തിനിടെ നിർമിച്ചത് മൂന്നു പാലങ്ങൾ. മുംബൈ- അഹമ്മദാബാദ് അതിവേഗ റെയ്ൽ ഇടനാഴി എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിൽ വിവിധ നദികൾക്കു കുറുകേ 24 പാലങ്ങളാണു വേണ്ടത്. ആറു മാസത്തിനിടെ ഇതിൽ നാലു പാലങ്ങൾ നിർമിച്ചെന്ന് അധികൃതർ. പദ്ധതിയുടെ നിർമാണം അതിവേഗത്തിലാണു മുന്നേറുന്നതെന്നു ദേശീയ അതിവേഗ റെയ്ൽ ഇടനാഴി (എൻഎച്ച്എസ്ആർസിഎൽ) അധികൃതർ പറഞ്ഞു.
ആകെയുള്ള 24 പാലങ്ങളിൽ 20 എണ്ണം ഗുജറാത്തിലും നാലെണ്ണം മഹാരാഷ്ട്രയിലുമാണ്. നവസരിയിൽ പൂർണ, മിന്ധോല, അംബിക നദികൾക്കു കുറുകെയുള്ള പാലങ്ങളാണ് ഒരു മാസത്തിനിടെ പൂർത്തീകരിച്ചത്.
പാതയിൽ ഗുജറാത്തിലെ ഏറ്റവും നീളമുള്ള പാലം നർമദാ നദിക്കു കുറുകെയാണ്. 1.2 കിലോമീറ്ററാണു നീളം. വൈതരണ നദിക്കു കുറുകെയാണു മഹാരാഷ്ട്രയിലെ ഏറ്റവും നീളമുള്ള പാലം. 2.28 കിലോമീറ്ററാകും ഈ പാലത്തിനു നീളം. അറബിക്കടലിൽ നിന്നുള്ള തിരമാലകൾ ഉയർത്തുന്ന വെല്ലുവിളി മറികടന്നാണ് പൂർണ, മിന്ധോല നദികൾക്കു കുറുകെയുള്ള പാലങ്ങൾ നിർമിച്ചതെന്നും അധികൃതർ പറഞ്ഞു. പൂർണ നദിയിലെ പാലത്തിന് 360 മീറ്ററാണു നീളം. മിന്ധോലയിലെ പാലത്തിന് 240 മീറ്ററും അംബികാ നദിയിലെ പാലത്തിന് 200 മീറ്ററും നീളമുണ്ട്. 2026ൽ പദ്ധതി പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടാണു നിർമാണം.