ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരായ ലൈംഗികാതിക്രമ കേസിൽ വെളിപ്പെടുത്തലുമായി രാജ്യാന്തര റഫറി ജഗ്ബീർ സിങ്. വനിതാ ഗുസ്തി താരത്തിനെതിരെ ലൈംഗികാതിക്രമം നടക്കുന്നതിന് എതാനും അകലെ താനുണ്ടായിരുന്നെന്നാണ് ജഗ്ബീർ സിങിന്‍റെ വെളിപ്പെടുത്തൽ.
ഏഷ്യൻ ചാംപ്യൻഷിപ്പിനു വേണ്ടിയുള്ള ട്രയൽസ് അവസാനിക്കുന്ന ദിവസം ലഖ്നൗവിലെ ക്യാംപിൽവച്ചുള്ള സംഭവങ്ങളാണ് ജഗ്‌ബീർ സിങ് വിശദീകരിക്കുന്നത്.
''അവിടെ സംഭവിച്ചതെന്താണെന്നു കണ്ടില്ല. എന്നാൽ, പിന്നീട് പരാതി നൽകിയ പെൺകുട്ടി ഫോട്ടൊ എടുക്കുമ്പോൾ അസ്വസ്ഥയായിരുന്നു. ബ്രിജ് ഭൂഷന്‍റെ തൊട്ടടുത്താണ് ആദ്യം അവരെല്ലാം നിന്നിരുന്നത്. പെട്ടെന്ന് പെൺകുട്ടികൾ അയാളെ തള്ളി മാറ്റി മുന്നോട്ടു കയറി നിന്നു. താരങ്ങളോട് ഇവിടെ വാ, ഇവിടെ നിൽക്ക് എന്നെല്ലാം ശരീരത്തിൽ കൈവച്ച് ഇയാൾ പറയുന്നുണ്ടായിരുന്നു'', ജഗ്‌ബീർ സിങ് വിശദീകരിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആദ്യം നൽകിയ മൊഴിയുമായി സാമ്യമുള്ളതാണ് ജഗ്‌ബീർ സിങ്ങിന്‍റെ വെളിപ്പെടുത്തൽ. എന്നാൽ, ഈ മൊഴി പെൺകുട്ടി കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ട്രയൽസിന്‍റെ ഫൈനലിൽ തന്‍റെ മകൾ പരാജയപ്പെട്ടെന്നും, ബ്രിജ് ഭൂഷന്‍റെ പക്ഷപാതം കാരണമുണ്ടായ ദേഷ്യത്തിൽ വ്യാജ ആരോപണമുന്നയിക്കുകയായിരുന്നു എന്നും പെൺകുട്ടിയുടെ പിതാവ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
മുതിർന്ന ആറു വനിതാ താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയിരിക്കുന്നത്. ഇതിലെ ഒരു താരത്തിന്‍റെ മൊഴിയെക്കുറിച്ച് എഫ്ഐആറിൽ പറയുന്നത്: ‘കഴിഞ്ഞ വർഷം മാർച്ചിൽ ഏഷ്യൻ ചാംപ്യൻഷിപ്പിനുവേണ്ടിയുള്ള ട്രയൽസ് അവസാനിക്കുന്ന ദിവസം ലക്നൗവിലെ ക്യാംപിൽ വച്ച് ടീം അംഗങ്ങൾ ഫോട്ടോയ്ക്കായി പോസ് ചെയ്തു. അപ്പോൾ ബ്രിജ്ഭൂഷൺ താരത്തിന്‍റെ പിൻവശത്ത് കൈ വച്ചു. പിന്നാലെ അവിടെനിന്നു മാറാനാണ് താരം ശ്രമിച്ചത്.’
ഈ സംഭവം നടക്കുമ്പോൾ താൻ അവിടെയുണ്ടായിരുന്നു എന്നാണ് ജഗ്ബീർ സിങ് സ്ഥിരീകരിച്ചത്. ഇതുൾപ്പെടെ മൂന്നു വനിതാ താരങ്ങളുടെ പരാതി ജഗ്ബീർ സ്ഥിരീകരിക്കുന്നു. ബ്രിജ് ഭൂഷൺ താരങ്ങളുടെ അടുത്തു നിൽക്കുന്നതു കണ്ടെന്നും അവർ പെട്ടെന്ന് അദ്ദേഹത്തെ തള്ളി മാറ്റി അവിടെനിന്ന് മാറുന്നത് കണ്ടതായും അദ്ദേഹം പറഞ്ഞു. മാത്രമല്ല താരങ്ങളെ ശരീരത്തിൽ തൊട്ട് വിളിക്കുന്നത് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പൊലീസിനോട് വ്യക്തമാക്കി.
ഡൽഹി പൊലീസ് ബ്രിജ് ഭൂഷണെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറുകൾ പ്രകാരമുള്ള 125 സാക്ഷികളിലൊരാളാണ് ജഗ്‌ബീർ സിങ്. ലഖ്നൗവിൽ വച്ച് എടുത്ത ഫോട്ടൊ കാണിച്ച് പൊലീസ് ചില കാര്യങ്ങൾ ചോദിച്ചിരുന്നെന്നും, ഇക്കാര്യങ്ങൾ പൊലീസിനോടും വെളിപ്പെടുത്തിയിട്ടുണ്ടെന്നും ജഗ്‌ബീർ സിങ് പറഞ്ഞു.
ഈ മാസം 15 നകം അന്വേഷണം പൂർത്തിയാക്കുമെന്നാണ് കേന്ദ്ര കായിക മാന്ത്രി അനൂരാഗ് താക്കൂർ ഗുസ്തി താരങ്ങൾക്ക് ഉറപ്പുനൽകിയത്.