ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള ലൈംഗികാരോപണക്കേസിൽ ഡൽഹി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബ്രിജ്ഭൂഷൺ കിട്ടുന്ന എല്ലാ അവസരങ്ങളിലും ഗുസ്തി താരങ്ങളെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണക്കേസിൽ ബ്രിജ്ഭൂഷണിനെതിരേ മതിയായ തെളിവുകൾ ഉണ്ടെന്നും ശനിയാഴ്ച സമർപ്പിച്ച കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവയാണ് ഡൽഹി പൊലീസിനു വേണ്ടി ഹാജരായത്. ഗുസ്തി താരങ്ങളെ മാനഭംഗം ചെയ്യാനായിരുന്നു ബ്രിജ്ഭൂഷൺ ശ്രമിച്ചിരുന്നതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
താജിക്കിസ്ഥാനിൽ മത്സരിക്കാനെത്തിയ താരത്തെ ബ്രിജ്ഭൂഷൺ തന്‍റെ മുറിയിലേക്ക് വിളിച്ചു വരുത്തി ഒ ബലം പ്രയോഗിച്ച് ആലിംഗനം ചെയ്തതായി പരാതി ഉയർന്നിരുന്നു. എന്നാൽ പിതൃസഹജമായ സ്നേഹത്തോടെയാണ് താൻ താരത്തെ ആലിംഗനം ചെയ്തതെന്നായിരുന്നു ബ്രിജ്ഭൂഷണിന്‍റെ വാദം. ചെയ്യുന്നതെന്താണെന്ന് ബ്രിജ്ഭൂഷണ് വ്യക്തമായി അറിയാമായിരുന്നുവെന്നതിന്‍റെ തെളിവാണീ സംഭവമെന്നും കസാഖിസ്ഥാൻ, മങ്കോളി, ബെല്ലാരി, ന്യൂഡൽഹി എന്നിവിടങ്ങളിലെല്ലാം ഇതു തന്നെയാണ് സംഭവിച്ചതെന്നും അഡീഷണൽ പ്രോസിക്യൂട്ടർ പറഞ്ഞു. എല്ലാ കേസുകളുടെയും വാദം ഡൽഹിയിലേക്ക് മാറ്റണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആറ് ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണിനെതിരേ ലൈംഗിക പീഡന പരാതി ഉന്നയിച്ചിരുന്നത്.