Bulldozer action in Haryana's Nuh 
India

ഹരിയാനയിലെ കലാപമേഖലയിൽ ബുൾഡോസർ രാജ്; മെഡിക്കൽ സ്റ്റോറുകൾ പൊളിക്കുന്നു | Video

ചണ്ഡിഗഡ്: ഹരിയാനയിൽ വർഗീയ കലാപമുണ്ടായ നൂഹിൽ മൂന്നാം ദിവസവും ബുൾ ഡോസറുകൾ അരങ്ങ് വാഴുന്നു. വിവിധ മേഖലകളിലായി 50-60 കെട്ടിടങ്ങൾ ഇതിനകം പൊളിച്ചു നീക്കിക്കഴിഞ്ഞു. ഇതിൽ രണ്ടു ഡസനിലധികം മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടുന്നു.

അനധികൃത നിർമാണ പ്രവർത്തനങ്ങൾക്കെതിരായ നടപടി എന്ന പേരിലാണ് ഹരിയാന സർക്കാരിന്‍റെ നീക്കങ്ങൾ. എന്നാൽ, കലാപത്തിൽ ഉൾപ്പെട്ട ഒരു പ്രത്യേക വിഭാഗത്തെ മാത്രമാണ് ഈ നടപടിയിൽ ലക്ഷ്യമിടുന്നതെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. മധ്യ പ്രദേശിന്‍റെയും ഉത്തർ പ്രദേശിന്‍റെയും മാതൃകയിലുള്ള ബുൾഡോസർ രാജ് തന്നെയാണ് ഹരിയാനയിലെ ബിജെപി സർക്കാരും പിന്തുടരുന്നതെന്നാണ് ആക്ഷേപം.

മെഡിക്കൽ സ്റ്റോറുകളിൽ ഏറെയും പൊളിച്ചു നീക്കിയത് ഷഹീദ് ഹസൻ ഖാൻ മേവാടി സർക്കാർ മെഡിക്കൽ കോളെജിനു മുന്നിൽ നിന്നാണ്. കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്ന മേഖലകളിലും അവർ താമസിച്ചിരുന്ന താത്കാലിക കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നുണ്ട്.

വർഷങ്ങളായി ഇവിടെയുള്ള കെട്ടിടങ്ങളാണ് കലാപത്തിനു പിന്നാലെ പെട്ടെന്ന് പൊളിച്ചുനീക്കാൻ തീരുമാനിച്ചത്. ഇതിനെതിരേ സ്ഥലം എംഎൽഎയും കോൺഗ്രസ് പ്രതിനിധിയുമായ അഫ്താബ് അഹമ്മദ് പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

നൂഹിൽ ദരിദ്രരുടെ വീടുകൾ മാത്രമല്ല, സാധാരണക്കാരുടെ ഭക്തിയും വിശ്വാസവും കൂടിയാണ് തകർക്കപ്പെടുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഒരു മാസം മുൻപത്തെ തീയതി വച്ച് ഒരു ദിവസം മുൻപ് നൽകിയ നോട്ടീസിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി. ഭരണകൂടത്തിന്‍റെ വീഴ്ച മറച്ചുവയ്ക്കാൻ സർക്കാർ തെറ്റായ നടപടികൾ സ്വീകരിക്കുകയാണെന്നും അഫ്താബ് അഹമ്മദ് ആരോപിച്ചു.

കെട്ടിടങ്ങൾ പൊളിക്കുന്ന മേഖലകളിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ കുടിയൊഴിഞ്ഞു പോകുന്നുണ്ട്. പലരും അറസ്റ്റ് ഭയന്നാണ് സ്ഥലം വിടുന്നത്.

കലാപവുമായി ബന്ധപ്പെട്ട് 202 പേരെ അറസ്റ്റ് ചെയ്യുകയും, 80 പേരെ കരുതൽ തടങ്കലിലെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് നേരത്തെ വ്യക്തമാക്കിയിരുന്നു. കുന്നുകളിൽനിന്ന് ആക്രമണമുണ്ടായെന്നും, വീടുകൾക്കു മുകളിൽ കല്ലുകൾ ശേഖരിച്ചിരുന്നു എന്നും വിജ് ആരോപിച്ചു. കലാപം മുൻകൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതാണെന്നതിന്‍റെ സൂചനകളാണിതെല്ലാം എന്നാണ് മന്ത്രി പറയുന്നത്. അതേസമയം, കലാപം ആരെങ്കിലും ആസൂത്രണം ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം.

ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാന്‍; താക്കീത് നൽകി യുഎസ്

ആലപ്പുഴയിലും എടിഎം കവര്‍ച്ചാശ്രമം

ശുക്രയാൻ 1 വിക്ഷേപണം 2028 മാർച്ച് 29ന്

മുഖ്യമന്ത്രിയുമായി അഭിമുഖം: ഖേദം പ്രകടിപ്പിച്ച് 'ദി ഹിന്ദു'

രജിസ്ട്രേഷൻ ഇല്ലാതെയുള്ള ഡോക്‌ടർ പ്രാക്റ്റീസ് കുറ്റകരം: മന്ത്രി വീണാ ജോർജ്