ജയ്പൂർ: രാജസ്ഥാനിൽ ബസ് കലുങ്കിൽ ഇടിച്ച് അപകടമുണ്ടായതിനെ തുടർന്ന് 12 പേർ മരിക്കുകയും 36 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച സുജൻഗഡിൽ നിന്ന് നവൽഗഡിലേക്ക് പോകുകയായിരുന്ന ബസ് സിക്കറിൽ വച്ചാണ് കലുങ്കിൽ ഇടിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ലക്ഷ്മൺഗഡിലാണ് സംഭവം. വിവരമറിഞ്ഞ് ഉടൻ തന്നെ അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
പരുക്കേറ്റവരെ ലക്ഷ്മൺഗഡിലെ ആശുപത്രിയിലേക്ക് മാറ്റി. ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. യാത്രക്കാരുടെ നില ഗുരുതരമാണ്.
പരുക്കേറ്റ യാത്രക്കാരെ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ബാക്കിയുള്ളവർ ലക്ഷ്മൺഗഡിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ദുഃഖം രേഖപ്പെടുത്തി. പരുക്കേറ്റ യാത്രക്കാർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ ജില്ലാ അധികാരികൾക്ക് അദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.