ഒട്ടാവ: കാനഡയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന യാത്രികർക്ക് അധിക പരിശോധന വേണമെന്ന നടപടി പിൻവലിച്ച് കാനഡ. ജാഗ്രതയുടെ ഭാഗമായി ഏർപ്പെടുത്തിയ അധിക സുരക്ഷാ നടപടി നിലവിൽ വന്ന് ദിവസങ്ങൾക്കകമാണ് പിൻവലിച്ചിരിക്കുന്നത്. അധിക പരിശോധന പിൻവലിച്ചതായി കനേഡിയൻ ഗതാഗത മന്ത്രി അനിത ആനന്ദ് അറിയിച്ചു.
അധിക സുരക്ഷാ നടപടികൾ ഏർപ്പെടുത്തി കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അനിത ആനന്ദ് ഉത്തരവിറക്കിയത്. ഇത് വഴി യാത്രക്കാർക്ക് ഏറെ സമയ നഷ്ടം ഉണ്ടായിരുന്നു. പിന്നാലെ എയർ കാനഡ യാത്രക്കാർ വിമാനത്താവളങ്ങളിൽ നേരെത്തെ എത്തണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, ഹർദീപ് സിംങ് നിജ്ജാറിന്‍റെ വധത്തിൽ നരേന്ദ്ര മോദിക്ക് പങ്കെണ്ടെന്ന വാർത്ത കനേഡിയൻ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു, ഈ വാർത്ത നിഷേധിച്ച് കനേഡിയൻ സർക്കാർ തന്നെ രംഗത്തെത്തിയിരുന്നു. വാർത്ത തെറ്റാണെന്നും ഊഹാപോഹങ്ങളിൽ നിന്നും രൂപപ്പെട്ടതാണെന്നും സർക്കാർ വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നായിരുന്നു പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കനേഡിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുകയായിരുന്നു.