ന്യൂഡൽഹി: കിരു ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ജമ്മു കശ്മീരിൽ മുൻ ഗവർണർ സത്യപാൽ മാലിക്കിന്‍റെ വീട്ടിൽ ഉൾപ്പെടെ സിബിഐ പരിശോധന നടത്തി. ഇന്ന് രാവിലെയായിരുന്നു വിവിധ നഗരങ്ങളിലെ 30 കേന്ദ്രങ്ങളിൽ 100ലേറെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമെത്തിയത്.
2200 കോടി രൂപയുടെ ജലവൈദ്യുത പദ്ധതിയാണു കിരു. ഇതിന്‍റെ രണ്ടു ഫയലുകളിൽ ഒപ്പുവയ്ക്കുന്നതിനു തനിക്ക് 300 കോടി രൂപ കോഴ വാഗ്ദാനം ചെയ്തിരുന്നെന്ന് മാലിക് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് 2022 ഏപ്രിലിൽ മാലിക്കിനും നാല് ഉദ്യോഗസ്ഥർക്കുമെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തു.
2018 ഓഗസ്റ്റ് 23 മുതൽ 2019 ഒക്റ്റോബർ 30 വരെ ജമ്മു കശ്മീർ ഗവർണറായിരുന്ന മാലിക്, കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ നിരന്തരം രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അനാരോഗ്യത്തെത്തുടർന്നു വീട്ടിൽ വിശ്രമിക്കുന്നതു പരിഗണിക്കാതെയാണ് കേന്ദ്ര ഏജൻസി തനിക്കെതിരേ നീങ്ങുന്നതെന്നു മാലിക് കുറ്റപ്പെടുത്തി. തന്‍റെ സഹായിയെയും ഡ്രൈവറെയും പീഡിപ്പിക്കുകയാണെന്നും മാലിക്.