സെൻസസ് അടുത്ത വർഷം; 2026ൽ നടപടികൾ പൂർത്തിയാക്കും 
India

സെൻസസ് അടുത്ത വർഷം; 2026ൽ നടപടികൾ പൂർത്തിയാക്കും

ജാതി സെൻസസ് ഉണ്ടാവില്ല, മതങ്ങളിലെ ഉപവിഭാഗങ്ങൾക്കു പ്രത്യേക കോളം, വിവരശേഖരണത്തിനു ശേഷം ലോക്സഭാ മണ്ഡല പുനർനിർണയം

ന്യൂഡൽഹി: രാജ്യത്ത് അടുത്ത വർഷം സെൻസസ് വിവരശേഖരണം നടത്തിയേക്കും. 2026ൽ നടപടികൾ പൂർത്തിയാക്കും. തുടർന്നു ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയം ആരംഭിക്കും. 2028ൽ ഇതു പൂർത്തിയാക്കും. എന്നാൽ, പ്രതിപക്ഷം ആവശ്യപ്പെടുന്ന ജാതി സെൻസസ് ഉണ്ടാവില്ല. വിവിധ മതങ്ങളുടെ ഉപവിഭാഗങ്ങൾക്കു പ്രത്യേക കോളം നൽകിയേക്കുമെന്നും റിപ്പോർട്ട്.

2021ൽ നടക്കേണ്ട ജനസംഖ്യാ കണക്കെടുപ്പാണിത്. കൊവിഡ് 19നെത്തുടർന്ന് അന്നു വിവരശേഖരണം മാറ്റിവയ്ക്കുകയായിരുന്നു. ഇതോടെ, സെൻസസ് വർഷത്തിനും മാറ്റം വന്നു. ഇനിയുള്ള പതിറ്റാണ്ടുകളിലും ഈ മാതൃകയാകും പിന്തുടരുകയെന്നു സർക്കാർ വൃത്തങ്ങൾ. അഥവാ 2035, 2045, 2055 എന്നിങ്ങനെയാകും ഇനി സെൻസസ്.

നിലവിലുള്ള ചട്ടക്കൂടുകളിൽ ഒതുങ്ങിയാകും ഉപവിഭാഗങ്ങളുടെ സർവെ. ജനറൽ, മറ്റു പിന്നാക്ക വിഭാഗങ്ങൾ (ഒബിഎസ്), പട്ടിക ജാതി (എസ്‌സി), പട്ടികവർഗം (എസ്ടി) എന്നിങ്ങനെയാണു നിലവിലുള്ള വിഭാഗങ്ങൾ. എന്നാൽ, രാജ്യത്തിന്‍റെ ബഹുസ്വരത കണക്കിലെടുത്ത് ഉപവിഭാഗങ്ങളുടെ ജനസംഖ്യ കണക്കുകൂട്ടുന്നതാണു പരിഗണിക്കുന്നത്. കർണാടകയിലെ ലിംഗായത്തുകൾ പൊതു വിഭാഗത്തിലാണെങ്കിലും തങ്ങൾ പ്രത്യേക വിഭാഗമെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇത്തരം വിഭാഗങ്ങളെയാകും പ്രത്യേകം അടയാളപ്പെടുത്തുക.

സെൻസസ് കമ്മിഷണർ മൃത്യുഞ്ജയ് കുമാർ നാരായണിന്‍റെ ഡെപ്യൂട്ടേഷൻ 2026 ഓഗസ്റ്റ് വരെ നീട്ടിയിരുന്നു. ഇത് സെൻസസിനു വേണ്ടിയെന്നാണു സൂചന.

2026 ൽ സെൻസസ് വിവരങ്ങൾ പുറത്തുവിട്ടാലുടനാകും മണ്ഡല പുനർനിർണയം. ഇതിനു പിന്നാലെ നിയമനിര്‍മാണ സഭകളിലെ വനിതാസംവരണം നടപ്പാക്കും.

2011 ലാണ് അവസാനമായി സെൻസസ് നടന്നത് . 121.1 കോടിയായിരുന്നു രാജ്യത്ത് അന്നത്തെ ജനസംഖ്യ.

മുനമ്പം വഖഫ് വിവാദത്തിൽ സമവായ ധാരണ

ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി

സർക്കാർ ആശുപത്രിയിൽ പ്രാങ്ക് വീഡിയോ; 2 പേർ അറസ്റ്റിൽ

കടല്‍, ആന, മോഹന്‍ലാല്‍, കെ.മുരളീധരന്‍; എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യര്‍

മണിപ്പുരിൽ കൂടുതൽ സേനയെ വിന്യസിക്കും; അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തും