എന്‍ഡിഎയിലും എതിർപ്പ്; 'ലാറ്ററൽ എൻട്രി' ഉപേക്ഷിച്ചു 
India

എന്‍ഡിഎയിലും എതിർപ്പ്; 'ലാറ്ററൽ എൻട്രി' ഉപേക്ഷിച്ചു

ന്യൂഡൽഹി: വിവിധ മന്ത്രാലയങ്ങളിലായി 45 മുതിർന്ന ഉദ്യോഗസ്ഥരെ "ലാറ്ററൽ എൻട്രി'യിലൂടെ നിയമിക്കാനുള്ള നീക്കത്തിൽ നിന്നു കേന്ദ്ര സർക്കാർ പിന്മാറി. പ്രതിപക്ഷ വിമർശനത്തിനിടെ എൻഡിഎ ഘടകകക്ഷികളിൽ നിന്നും വിയോജിപ്പ് ഉയർന്നതോടെയാണു സർക്കാർ തീരുമാനം മാറ്റിയത്. "ലാറ്ററൽ എൻട്രി'യുമായി ബന്ധപ്പെട്ട പരസ്യം റദ്ദാക്കിയതായി യുപിഎസ്‌സി ചൊവ്വാഴ്ച വൈകിട്ട് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം വിഷയത്തിൽ ഇടപെട്ട കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്, പരസ്യം പിൻവലിക്കാൻ യുപിഎസ്‌സിക്ക് കത്തു നൽകിയിരുന്നു.

ബിജെപിക്കു തനിച്ചു ഭൂരിപക്ഷമില്ലാത്തതിനാൽ പ്രധാനമന്ത്രിയായുള്ള മൂന്നാമൂഴം എളുപ്പമാവില്ലെന്ന വ്യക്തമായ സന്ദേശമാണ് അധികാരത്തിലേറി രണ്ടു മാസം പിന്നിടുമ്പോൾ തന്നെ മോദിക്ക് സഖ്യകക്ഷികളിൽ നിന്നു ലഭിക്കുന്നത്. 2014ന് മുമ്പ് ഇത്തരം നിയമനങ്ങളില്‍ സ്വജനപക്ഷപാതമടക്കം ആരോപിക്കപ്പെട്ടിരുന്നെങ്കിലും എന്‍ഡിഎ സര്‍ക്കാര്‍ സുതാര്യമായ നടപടികളിലൂടെ വ്യവസ്ഥകള്‍ പാലിച്ചാണ് നിയമനം നടത്തിയതെന്നു ജിതേന്ദ്ര സിങ്ങിന്‍റെ കത്തിൽ പറയുന്നു. ഭരണഘടനയില്‍ പരാമര്‍ശിക്കപ്പെട്ട തുല്യത, സാമൂഹിക നീതി എന്നീ തത്വങ്ങള്‍ക്ക് അനുസൃതമായേ ലാറ്ററല്‍ എന്‍ട്രി നടത്താവൂ എന്നാണ് പ്രധാനമന്ത്രിയുടെ ഉറച്ച വിശ്വാസം. സംവരണടക്കമുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും കത്തിൽ വിശദീകരിക്കുന്നു.

ആഭ്യന്തരം, ധനകാര്യം, ഇലക്‌ട്രോണിക്സ് ആന്‍ഡ് ഐടി, സ്റ്റീല്‍ തുടങ്ങിയ മന്ത്രാലയങ്ങളിലേക്കാണ് മുതിർന്ന ഉദ്യോഗസ്ഥരെ ക്ഷണിച്ചത്. പത്ത് ജോയിന്‍റ് സെക്രട്ടറിമാര്‍, 35 ഡയറക്റ്റര്‍മാര്‍/ഡെപ്യൂട്ടി സെക്രട്ടറിമാര്‍ എന്നിവരെ സ്വകാര്യ മേഖലയിൽ നിന്നു കരാർ അടിസ്ഥാനത്തിൽ നിയമിക്കാനായിരുന്നു കേന്ദ്ര തീരുമാനം. 1.5- 2.7 ലക്ഷം വരെ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ 17നാണ് വിവിധ ദിനപത്രങ്ങളിലും എംപ്ലോയ്ന്‍റ്മെന്‍റ് ന്യൂസിലും പരസ്യം നൽകിയത്. സാധാരണഗതിയിൽ ഐഎഎസ്, ഐപിഎസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് തുടങ്ങി ഗ്രൂപ്പ് എ വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരെ മാത്രം പരിഗണിക്കുന്ന തസ്തികകളാണ് ഇവ. ഭരണത്തിൽ യുവത്വവും പുതിയ ആശയങ്ങളും കൊണ്ടുവരികയും മികവും വേഗവും വർധിപ്പിക്കുകയുമാണു ലക്ഷ്യമെന്നായിരുന്നു സർക്കാർ വൃത്തങ്ങളുടെ വിശദീകരണം. എന്നാൽ, ആർഎസ്എസ് നേതാക്കളെ സർക്കാരിന്‍റെ ഭാഗമാക്കാനുള്ള നീക്കമാണിതെന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. സംവരണ തത്വങ്ങൾക്ക് വിരുദ്ധമാണിതെന്നു കേന്ദ്ര മന്ത്രിയും എൽജെപി (റാംവിലാസ്) നേതാവുമായ ചിരാഗ് പാസ്വാൻ പറഞ്ഞിരുന്നു. ജെഡിയുവും ബിജെപി നേതൃത്വത്തെ അതൃപ്തി അറിയിച്ചു. ഇതോടെയാണു പ്രധാനമന്ത്രി ഇടപെട്ട് പരസ്യം പിൻവലിച്ചത്. പരസ്യം റദ്ദാക്കിയതിനെ ചിരാഗ് പാസ്വാൻ സ്വാഗതം ചെയ്തു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം