കങ്കണയെ മർദിച്ച കേന്ദ്ര സേനാ കോൺസ്റ്റബിൾ അറസ്റ്റിൽ 
India

കങ്കണയെ മർദിച്ച കേന്ദ്ര സേനാ കോൺസ്റ്റബിൾ അറസ്റ്റിൽ

ചണ്ഡിഗഡ്: നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റണാവത്തിനെ മർദിച്ച സിഐഎസ്എഫ് വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ. പഞ്ചാബിലെ കപൂർത്തല സ്വദേശിനി കുൽവീന്ദർ കൗറിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവമുണ്ടായ ഉടൻ ഇവരെ കേന്ദ്ര സേന സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, അറസ്റ്റ് ഉൾപ്പെടെ നടപടികൾ പഞ്ചാബ് പൊലീസ് വൈകിക്കുന്നുവെന്ന ആരോപണമുയർന്നു. ഇതിനിടെയാണു നടപടി.

എൻഡിഎ പാർലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നതിനു ഡൽഹിയിലേക്കു പോകാൻ കഴിഞ്ഞ ദിവസം ചണ്ഡിഗഡ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് രക്ഷാസേനാംഗം കങ്കണയുടെ കരണത്തടിച്ചത്. ഡൽഹിയിൽ സമരം നടത്തിയ കർഷകർ 100 രൂപ കൂലിക്ക് വന്നവരാണെന്ന കങ്കണയുടെ ആരോപണത്തിൽ പ്രതിഷേധിച്ചായിരുന്നു മർദനമെന്നാണ് കുൽവീന്ദറിന്‍റെ വാദം. ഇവരുടെ സഹോദരൻ പഞ്ചാബിലെ ഒരു കർഷക സംഘടനയുടെ നേതാവാണ്. തന്‍റെ അമ്മയും ഡൽഹിയിൽ സമരത്തിൽ പങ്കെടുത്തെന്നും ഇവർ പറയുന്നു. അമ്മയോടുള്ള ആദരവ് അടിയറവയ്ക്കാനാവില്ലെന്നും അതിനായി ആയിരം ജോലികൾ നഷ്ടപ്പെടുത്താനും തയാറാണെന്നുമാണ് കുൽവീന്ദറിന്‍റെ പ്രതികരണം.

അതിനിടെ, വനിതാ കോൺസ്റ്റബിളിനെ പിന്തുണച്ചും ന്യായീകരിച്ചും ചില കർഷക സംഘടനകൾ രംഗത്തെത്തി. മർദനത്തിലേക്കു നയിച്ച മുഴുവൻ സംഭവങ്ങളും പരിശോധിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച (എൻപി)യും കിസാൻ മസ്ദൂർ മോർച്ചയും ആവശ്യപ്പെട്ടു. മർദനത്തോടു യോജിക്കുന്നില്ലെങ്കിലും സിഐഎസ്എഫിൽ നിന്നു പുറത്താക്കിയാൽ കുൽവീന്ദറിന് താൻ ജോലി നൽകുമെന്ന് ഗായകൻ വിശാൽ ദദ്‌ലാനി പറഞ്ഞു.

അതേസമയം, താൻ സുരക്ഷിതയാണെങ്കിലും പഞ്ചാബിലെ ഭീകരതയും തീവ്രവാദവും വർധിക്കുന്നതിൽ ആശങ്കയുണ്ടെന്നു കങ്കണ വിഡിയൊ സന്ദേശത്തിൽ പറഞ്ഞു. സംഭവത്തിൽ സിനിമാ ലോകം മൗനം പാലിക്കുന്നതിൽ അവർ അമര്‍ഷം പ്രകടിപ്പിച്ചു. ഇസ്രയേല്‍, പലസ്തീന്‍ അനുകൂല പ്രസ്താവനയുടെ പേരില്‍ നിങ്ങളെയും നാളെ ആരെങ്കിലും മര്‍ദിച്ചേക്കാമെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് പിന്നീട് കങ്കണ ഡിലീറ്റ് ചെയ്തു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ