ന്യൂഡൽഹി: കനേഡിയൻ ഗുണ്ടാനേതാവ് ലഖ്ബീർ സിംഗ് ലാൻഡയെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഭീകര വിരുദ്ധ നിയമമായ യുഎപിഎ പ്രകാരമാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തെ ചൊല്ലി കാനഡ - ഇന്ത്യ നയതന്ത്ര ബന്ധം മോശമായി തുടരുന്നതിനിടെയാണ് പ്രഖ്യാപനം.
2021 ൽ മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്‍റലിജൻസ് ആസ്ഥാനത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരനാണ് 33 കാരനായ ലാൻഡ. പന്നു അടക്കമുള്ള നിരവധി ഖലിസ്ഥാൻവാദികളുമായും ലഖ്ബീറിന് അടുത്ത ബന്ധമുണ്ടെന്ന സ്ഥിരീകരണത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചത്.