ന്യൂഡൽഹി: കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനെതിരേ ധനമന്ത്രി നിർമല സീതാരാമൻ. ഗൂഢ ലക്ഷ്യങ്ങളുള്ള ചിലരുടെ രാഷ്ട്രീയപ്രേരിതമായ വാദമാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നതെന്നും നിർമല.
ലോക്സഭയിൽ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കൊണ്ടാണു ധനമന്ത്രിയുടെ വിശദീകരണം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നായിരുന്നു ചൗധരിയുടെ ആരോപണം.
ഒരു സംസ്ഥാനത്തോടും കേന്ദ്ര സർക്കാരോ താനോ വിവേചനം കാണിക്കുന്നില്ലെന്നു നിർമല വ്യക്തമാക്കി. ധനകാര്യ കമ്മിഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണു സംസ്ഥാനങ്ങൾക്ക് നികുതി വിഹിതം അനുവദിക്കുന്നത്. ജിഎസ്ടി എന്നത് മൂന്നു ഘടകങ്ങൾ ചേർന്നതാണ്. എസ്ജിഎസ്ടി, ഐജിഎസ്ടി, സിജിഎസ്ടി എന്നിവയാണവ. എസ്ജിഎസ്ടി 100 ശതമാനവും സംസ്ഥാനങ്ങൾക്ക് ലഭിക്കും. ഐജിഎസ്ടി നിശ്ചിത ഇടവേളകളിൽ വിലയിരുത്തി വിഹിതം നൽകും. സിജിഎസ്ടി ധനകാര്യ കമ്മിഷൻ പറയുന്നതുപോലെ വീതംവയ്ക്കും. അല്ലാതെ എന്റെ ഇഷ്ടങ്ങൾക്കും രാഷ്ട്രീയത്തിനും യോജിക്കുന്ന വിധമല്ല ഇതു വിതരണം ചെയ്യുന്നത്. ഏതു ധനമന്ത്രിക്കും അതേ ചെയ്യാനാകൂ.
എനിക്ക് ഈ സംസ്ഥാനത്തെ ഇഷ്ടമല്ല, അതുകൊണ്ട് പണം കൊടുക്കരുതെന്നെന്നു പറയാനാവില്ല. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കരുത്. കർണാടകയ്ക്ക് മുൻപ് നൽകിയിരുന്ന വിഹിതം ഇപ്പോൾ കൊടുക്കുന്നില്ലെന്ന ചൗധരിയുടെ ആരോപണത്തിനു മറുപടിയായി അനുവദനീയമല്ലാത്ത മേഖലകളിൽ നിങ്ങൾ പണം ചെലവഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ നിർമല പറഞ്ഞു. ഞാൻ അതിനെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ, അതിന്റെ പേരിൽ കേന്ദ്രത്തെ പഴിചാരരുതെന്നും നിർമല.
കേന്ദ്രം അവഗണിക്കുന്നുവെന്ന് ആരോപിച്ച് കേരളത്തിലെ ഇടതു സർക്കാരും കർണാടകയിലെ കോൺഗ്രസ് സർക്കാരും ഡൽഹിയിൽ വലിയ സമരത്തിന് തയാറെടുക്കുമ്പോഴാണ് നിർമലയുടെ മറുപടി.