മുംബൈ: അയോധ്യയിലെ രാമജന്മഭൂമി- ബാബറി മസ്ജിദ് തർക്കത്തിനു പരിഹാരമുണ്ടാക്കാൻ താൻ ദൈവത്തോടു പ്രാർഥിച്ചെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഒരാൾക്ക് വിശ്വാസമുണ്ടെങ്കിൽ ദൈവം വഴികാണിക്കുമെന്നും അദ്ദേഹം. മഹാരാഷ്‌ട്രയിലെ ഖേഡ് ജില്ലയിൽ ജന്മനാടായ കാന്തേശ്വർ ഗ്രാമത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ചില കേസുകളിൽ നമ്മളെത്ര ശ്രമിച്ചാലും പരിഹാരം ഉരുത്തിരിയില്ല. അയോധ്യയുടെ കാര്യത്തിലും മൂന്നു മാസത്തോളം ഇതുതന്നെയായിരുന്നു സംഭവിച്ചത്. ഒടുവിൽ ഞാൻ ദൈവത്തെ ആശ്രയിച്ചു'', ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
2019 നവംബർ ഒമ്പതിന് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് തർക്കഭൂമി ക്ഷേത്രത്തിനു നൽകുന്ന സുപ്രധാന വിധി പ്രഖ്യാപിച്ചത്. പള്ളി നിർമിക്കാൻ അഞ്ചേക്കർ ഭൂമി അനുവദിക്കാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ചന്ദ്രചൂഡും ഈ ബെഞ്ചിൽ അംഗമായിരുന്നു.