India

''ബ്രിജ്ഭൂഷൺ കടന്നു പിടിച്ചുവെന്ന് പെൺകുട്ടി എന്നോടും പറഞ്ഞിരുന്നു'', പരാതി ശരി വച്ച് കോമൺവെൽത്ത് ജേതാവ്

ഏഴു താരങ്ങൾ നൽകിയ പരാതിയിൽ സൂചിപ്പിച്ചിരിക്കുന്ന 125 സാക്ഷികളിൽ ഒരാളുടേതാണ് വെളിപ്പെടുത്തൽ

ന്യൂഡൽഹി: ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള ഗുസ്തി താരങ്ങളുടെ പരാതി ശരി വച്ച് കോമൺ വെൽത്ത് ഗെയിംസിലെ സ്വർണ മെഡൽ ജേതാവ് അനിത. ടൂർണമെന്‍റിനിടെ ബ്രിജ്ഭൂഷൺ മോശമായി പെരുമാറിയതായി പരാതി നൽകിയ താരം തന്നോട് പറഞ്ഞിരുന്നുവെന്നും അനിത പറയുന്നു.

ഏഴു താരങ്ങൾ നൽകിയ പരാതിയിൽ സൂചിപ്പിച്ചിരിക്കുന്ന 125 സാക്ഷികളിൽ ഒരാളാണ് അനിതയും. ദേശീയ തല ടൂർണമെന്‍റിൽ പരാതിക്കാരിക്കൊപ്പമായിരുന്നു അനിത താമസിച്ചിരുന്നത്.

''ചാംപ്യൻഷിപ്പിൽ അവൾ സ്വർണം നേടിയിരുന്നു. അതിനു ശേഷം എന്നെ വിളിച്ച് ഒരു മോശം സംഭവം ഉണ്ടായെന്നും തിരിച്ചു വന്നതിനു ശേഷം അതേക്കുറിച്ച് പറയമാമെന്നും ഇവിടെ നടക്കുന്നതൊന്നും ശരിയല്ലെന്നും പറഞ്ഞു'', അനിത വിശദീകരിക്കുന്നു.

പിന്നീട് പാട്യാലയിലെ ക്യാംപിൽ വച്ചു കണ്ടപ്പോഴാണ് താരം ദുരനുഭവം തന്നോട് പങ്കു വച്ചത്. ചാംപ്യൻഷിപ്പ് കഴിഞ്ഞു മുറിയിലെത്തിയ താരത്തെ ഫിസിയോ വിളിച്ച് പ്രസിഡന്‍റിന്‍റെ മുറിയിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു. ബ്രിജ് ഭൂഷൺ നിരന്തരം ഫോണിൽ വിളിച്ചു സംസാരിക്കാൻ ശ്രമിക്കുന്നതിനാൽ പരാതിക്കാരി അസ്വസ്ഥയായിരുന്നു.

മുറിയിലെത്തി അകലം പാലിച്ചു നിന്ന പരാതിക്കാരിയെ ബ്രിജ് ഭൂഷൺ മകളെപ്പോലെയാണ് കാണുന്നതെന്നും അടുത്തേക്കു വരാനും ആവശ്യപ്പെട്ടെന്നും, അടുത്തിരുന്നപ്പോൾ അപ്രതീക്ഷിതമായി കടന്നു പിടിച്ചെന്നുമാണ് പെൺകുട്ടി പറഞ്ഞത്. ''അവൾ വല്ലാതെ ഭയന്നിരുന്നു. ഈ സംഭവത്തെക്കുറിച്ച് പറയുമ്പോൾ പോലും അവൾ കരയുകയായിരുന്നു'', അനിത കൂട്ടിച്ചേർത്തു.

ചാംപ്യൻഷിപ്പിനു മുൻപും പെൺകുട്ടിയെ ബ്രിജ്ഭൂഷൺ നിരന്തരമായി ഫോണിൽ വിളിക്കാറുണ്ട്. ''എന്നോട് സംസാരിക്കൂ, ഞാൻ നിങ്ങളെ സഹായിക്കാം'' എന്നായിരുന്നു അയാൾ നിരന്തരം പറഞ്ഞിരുന്നത്. ആദ്യമെല്ലാം ബ്രിജ് ഭൂഷൺ നേരിട്ടായിരുന്നു വിളിച്ചിരുന്നത്. ഈ സംഭവത്തിനു ശേഷം ഫിസിയോ വഴിയാണ് ഫോൺ കോളുകൾ വന്നിരുന്നത്.

എന്തിനാണ് ഒരു ഫെഡറേഷൻ പ്രസിഡന്‍റ് ഒരു താരത്തെ ഇങ്ങനെ നിരന്തരം വിളിക്കുന്നതെന്നും അനിത ചോദിക്കുന്നു. ഒരു പക്ഷേ ആ സമയത്ത് അവൾ ശബ്ദമുയർത്തിയിരുന്നുവെങ്കിൽ അവളുടെ കരിയർ തന്നെ അവസാനിച്ചേനെ. ക്യാംപിലെ ഭക്ഷണം മോശമാണെന്നു പറയാൻ പോലും ഭയക്കുന്ന പെൺകുട്ടികൾ എങ്ങനെയാണ് ലൈംഗികാതിക്രമത്തെക്കുറിച്ചു പറയുകയെന്നും അനിത. ഗുസ്തി താരത്തിന്‍റെ പരാതിയിലും ദുരനുഭവം അനിതയോട് പങ്കു വച്ചതായി പരാമർശിച്ചിട്ടുണ്ട്.

കൊച്ചിയിൽ എയർ ഇന്ത‍്യ വിമാനത്തിൽ നിന്നും ഭീഷണി സന്ദേശം കണ്ടെടുത്തു

3 മണിക്കൂറിലധികം ആനയെ എഴുന്നള്ളിക്കരുത്; മാർഗ രേഖയുമായി ഹൈക്കോടതി

എറണാകുളത്ത് ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു

സ്‌കൂള്‍ ശാസ്ത്രോത്സവം: ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും 2 ദിവസം അവധി

പാലക്കാട് കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി | Video