ബംഗളൂരു: കർണാടകയിൽ അപ്രതീക്ഷിതമായി ഉയർന്നു വന്ന തെരഞ്ഞെടുപ്പ് വിഷയമായിരുന്നു സാക്ഷാൽ ഹനുമാൻ. എതിരാളികൾക്ക് അപ്രതീക്ഷിതമായിരുന്നെങ്കിലും, കോൺഗ്രസിന്‍റെ ആസൂത്രിതമായ തന്ത്രം തന്നെയായിരുന്നു ഇതെന്നു വേണം കരുതാൻ.
അധികാരത്തിലെത്തിയാൽ പോപ്പുലർ ഫ്രണ്ടിനെയും ബജ്റംഗ് ദളിനെയും ഒരുപോലെ നിരോധിക്കുമെന്ന കോൺഗ്രസിന്‍റെ പ്രകടനപത്രികയിലെ വാഗ്ദാനമാണ് ഹനുമാനെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാക്കുന്നത്. കോൺഗ്രസ് വാഗ്ദാനം ഹനുമാൻ സ്വാമിയെ അവഹേളിക്കലാണെന്ന് ബിജെപി ആരോപിച്ചു. എന്നാൽ, ബജ്റംഗ് ദളിനെ ഹനുമാനുമായി താരതമ്യം ചെയ്ത് ഹനുമാനെ അവഹേളിക്കുന്നത് ബിജെപിയാണ് കോൺഗ്രസ് തിരിച്ചടിച്ചു.
ഒടുവിൽ, ജനവികാരം ഒപ്പം നിർത്താൻ ഇരുപാർട്ടികളും ഹനുമാനെ തന്നെ കൂട്ടുപിടിക്കുന്നതാണ് കണ്ടത്. ഇരുപാർട്ടികളുടെയും നേതാക്കൾ മത്സരിച്ച് ഹനുമാൻ ക്ഷേത്രങ്ങളിൽ ദർശനം നടത്തി. ഹനുമാൻ ചാലിസയും ജയ് ഹനുമാനും ജയ് ബജ്റംഗ് ബലിയുമെല്ലാം തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങൾക്കൊപ്പം ഉയർന്നു കേട്ടി.
ഇപ്പോഴിതാ, ബജ്റംഗ് ബലിയെ വച്ച് കോൺഗ്രസ് കളിച്ച കളി തന്നെയാണ് ഫലം കണ്ടതെന്നു കരുതണം. പാർട്ടിക്ക് ലീഡ് ഉറപ്പായതോടെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നേരേ ഹനുമാൻ ക്ഷേത്രത്തിൽ പോയി പ്രാർഥിക്കുകയും ചെയ്തു.