മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും. File photo
India

അന്തഃഛിദ്രം അവഗണിച്ച് തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കാൻ കോൺഗ്രസ്

ന്യൂഡൽഹി: പാർട്ടിയുണ്ടായ കാലം മുതൽ കൂടെയുള്ള അന്തഃഛിദ്രങ്ങളും അഭിപ്രായസംഘർഷങ്ങളും അവഗണിച്ച്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ നേരിടാനുള്ള തയാറെടുപ്പിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം. ഞായറാഴ്ച പ്രഖ്യാപിക്കപ്പെട്ട പുതിയ നേതൃനിര ഇതിന്‍റെ സൂചനയാണ് നൽകുന്നത്.

പ്രതീക്ഷിച്ച മുഖങ്ങൾ പലതും നേതൃനിരയിൽ തുടരുന്നുണ്ട്. പക്ഷേ, പാർട്ടിയുടെ പ്രാഥമിക പരിഗണന ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും അടുത്ത വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളും തന്നെയായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് പലരുടെയും ഒഴിവാക്കൽ.

മല്ലികാർജുൻ ഖാർഗെ എഐസിസി അധ്യക്ഷനായി ചുമതലയേറ്റ് പത്തു മാസം പിന്നിടുമ്പോഴാണ് നിർണായക പുനഃസംഘടന നടത്തിയിരിക്കുന്നത്. ഗാന്ധി കുടുംബാംഗങ്ങളും ദിഗ്‌വിജയ് സിങ്, കമൽ നാഥ്, മീര കുമാർ, പി. ചിദംബരം, അഭിഷേക് മനു സിംഘ്‌വി, സൽമാൻ ഖുർഷിദ് എന്നിങ്ങനെ വെറ്ററൻ നേതാക്കളും നേതൃത്വത്തിലുണ്ട്. ഗൗരവ് ഗൊഗോയ്, സച്ചിൻ പൈലറ്റ് തുടങ്ങിയ പുതുനിരയ്ക്കും പരിഗണന കൊടുത്തു. എന്നാൽ, പ്രവർത്തക സമിതിയിൽ 50 വയസിനു താഴെയുള്ള മൂന്നു ‌പേർ മാത്രം. സമിതിയിൽ പട്ടികജാതി - പട്ടികവർഗ വിഭാഗക്കാർക്കും യുവാക്കൾക്കും പിന്നാക്കക്കാർക്കും സ്ത്രീകൾക്കും ക്വോട്ടയുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല.

കർണാടകയിൽ നേടിയ വിജയം, രാഹുൽ ഗാന്ധിയുടെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തത്, വിശാല പ്രതിപക്ഷ ഐക്യത്തിലെ നിർണായ പങ്ക് എന്നിങ്ങനെ പ്രതീക്ഷാനിർഭരവും സുപ്രധാനവുമായ ഘട്ടത്തിലാണ് കോൺഗ്രസ് എത്തിനിൽക്കുന്നത്. ഈ അടിത്തറയിൽനിന്നു വേണം പ്രവർത്തക സമിതിക്ക് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്താൻ.

പാർട്ടി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഖാർഗെയ്ക്കെതിരേ മത്സരിച്ച ശശി തരൂരും, രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരേ കലാപം നയിച്ച സച്ചിൻ പൈലറ്റും പ്രവർത്തക സമിതിയിലെത്തുന്നത്, പാർട്ടി ഐക്യത്തിന്‍റെ വലിയ സന്ദേശമാണ് നൽകുന്നത്. കഴിഞ്ഞ വർഷങ്ങളിൽ സുഷ്മിത ദേവ്, ഹിമന്ത ബിശ്വ ശർമ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങി ഭാവി വാഗ്ദാനങ്ങളായ പല നേതാക്കളെയും പാർട്ടിക്കു നഷ്ടപ്പെട്ടിരുന്നു. അതിൽ നിന്നു നേതൃത്വം പാഠം പഠിച്ചെന്നു വേണം കരുതാൻ.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. രാജസ്ഥാനിലും ഛത്തിസ്ഡിലും അധികാരത്തിലുള്ളത് കോൺഗ്രസ് തന്നെയാണ്. മധ്യപ്രദേശിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അധികാരം ലഭിച്ചിരുന്നെങ്കിലും, കമൽ നാഥിനോടു കലഹിച്ച സിന്ധ്യയെയും കൂട്ടരെയും ബിജെപി അടർത്തിയെടുത്ത് അധികാരം പിടിച്ചെടുത്തിരുന്നു.

അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്ന പതിവാണ് 25 വർഷമായി രാജസ്ഥാനിലുള്ളത്. ഇതു തിരുത്താൻ പൈലറ്റിനെ കൂടെ നിർത്തേണ്ടത് പാർട്ടിക്ക് അനിവാര്യമാണ്. ഛത്തിസ്ഗഡിലെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടിയെ സഹായിച്ച പിന്നാക്ക വിഭാഗങ്ങളെ ഇത്തവണയും കൂടെ നിർത്താനാണ് മന്ത്രി താമ്രധ്വജ് സാഹുവിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മധ്യപ്രദേശിൽ യുവാക്കളെയും പിന്നാക്കക്കാരെയും സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കങ്ങളും നടത്തുന്നു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം