ലഡാഖ്: ലോകത്തിലെ ഗതാഗതയോഗ്യമായ ഏറ്റവും ഉയരം കൂടിയ റോഡ് നിര്‍മാണത്തിന് ലഡാഖിൽ തുടക്കം. ലികാരു- മിഗ് ലാ- ഫുക് ചെ മേഖലയിലാണ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ വനിതാ വിഭാഗം ആള് വിമന്‍ റോഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ റോഡ് നിർമിക്കുന്നത്. കേണല്‍ പൊനുങ് ഡൊമിങ് നയിക്കുന്ന അഞ്ചംഗ വിമന്‍ ബോര്‍ഡര്‍ റോഡ് ടാസ്ക് ഫോഴ്സിനാണു നിർമാണത്തിന്റെ മേൽനോട്ടം.
രാജ്യത്തിന്റെ എഴുപത്തേഴാം സ്വാതന്ത്ര്യദിനത്തിൽ ലഡാഖിലെ ഡെംചോക്ക് സെക്റ്ററില്‍ റോഡിന്റെ നിർമാണോദ്ഘാടനം ബിആര്‍ഒ ഡയറക്റ്റര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ചൗധരി നിര്‍വഹിച്ചു. 19,400 അടി ഉയരത്തില്‍ 64 കിലോമീറ്റര്‍ നീളത്തിലാണ് തന്ത്രപ്രധാനമായ റോഡ്. രണ്ട് ഘട്ടങ്ങളായി നിര്‍മാണം പൂര്‍ത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. സൈന്യത്തിന് ഏറ്റവും നിര്‍ണായകമായ ഫുക് ചെയില്‍ ദൂരെയുള്ള ആര്‍മി ഔട്ട്പോസ്റ്റുകളിലേക്ക് എത്തിച്ചേരുന്നതിന് ഈ പാത ഉപകരിക്കും.
ലികാരു മുതല്‍ ഫുക്ചെ വരെയാണ് റോഡിന്റെ ദൂരം. യഥാർഥ നിയന്ത്രണ രേഖയില്‍ നിന്ന് (എല്‍എസി) വെറും മൂന്ന് കിലോമീറ്റര്‍ അകലെയാണ് റോഡ് എന്നതിനാല്‍ അതീവ സുരക്ഷാ മേഖല കൂടിയാണിത്. നേരത്തെ തങ്ങള്‍ തന്നെ നിര്‍മിച്ച ഉംലിങ് ലാ പാസിനെ മറികടക്കുന്ന ഉയരമാകും പുതിയ റോഡിനെന്ന് ബിആര്‍ഒ എക്സില്‍ അറിയിച്ചു. 2021ല്‍ നിര്‍മിച്ച 52 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉംലിങ് ലാ പാസ് 19,200 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബൊളീവിയയിലെ ഉടുരുന്കു വൊള്കാനോയില് സ്ഥിതി ചെയ്യുന്ന 18,953 അടി ഉയരമുള്ള പാതയുടെ ഗിന്നസ് റെക്കോഡാണ് ഉംലിങ് ലാ പാസ് തകര്‍ത്തത്. പുതിയ പാത പൂര്‍ത്തിയാകുന്നതോടെ ഈ റെക്കോഡും പഴങ്കഥയാകും.