ന്യൂഡൽഹി: ചൈനീസ് പ്രോപ്പഗാണ്ട പ്രചരിപ്പിക്കുന്നതിനായി വിദേശ പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ന്യൂസ് ക്ലിക് എച്ച് ആർ മേധാവി അമിത് ചക്രവർത്തി മാപ്പു സാക്ഷിയാകും. കേസിൽ ന്യൂസ് ക്ലിക് എഡിറ്റർ പ്രഭീർ പുരകായസ്ത, അമിത് ചക്രവർത്തി എന്നിവരെയാണ് ഡൽഹി പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. മാപ്പു സാക്ഷിയാക്കണം എന്നാവശ്യപ്പെട്ട് അമിത് ചക്രവർത്തി നൽകിയ അപേക്ഷ സ്പെഷ്യൽ ജഡ്ജി ഹർദീപ് കൗർ സ്വീകരിച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡൽഹി പൊലീസിനു കൈമാറാൻ താൻ തയാറാണെന്നും അമിത് അറിയിച്ചിട്ടുണ്ട്.
പുരകായസ്തയെയും അമിത് ചക്രവർത്തിയെയും കഴിഞ്ഞ വർഷം ഒക്റ്റോബറിലാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അമിത് മാപ്പു സാക്ഷിയാകുന്നതോടെ പ്രഭീർ പുരകായസ്ത കൂടുതൽ പ്രശ്നത്തിലാകാനാണ് സാധ്യത.
പൊലീസ് എഫ്ഐആർ പ്രകാരം ഇന്ത്യാ വിരുദ്ധ വാർത്തകൾ നൽകുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ന്യൂസ് ക്ലിക് ചൈനയിൽ നിന്ന് ധാരാളം പണം സ്വീകരിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.