ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് പരിശോധന വർധിപ്പിക്കാനും, ആശുപത്രികളിലെ സൗകര്യങ്ങൾ ഉറപ്പു വരുത്താനും കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി നടത്തിയ ഉന്നതതലയോഗത്തിലാണ് ഈ നിർദ്ദേശങ്ങൾ ഉയർന്നത്. കഴിഞ്ഞദിവസങ്ങളിലായി കൊവിഡ് ബാധിച്ചവരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം.
കൊവിഡ് വ്യാപനം നിയന്ത്രണത്തിൽ വരുത്തുന്നതിനായി കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ചു പ്രവർത്തിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ ആശുപത്രികളിലെ സൗകര്യങ്ങൾ ഉറപ്പുവരുത്തണം. വാക്സിനേഷൻ കൃത്യമായി നടപ്പാക്കുന്നതിലും ശ്രദ്ധയുണ്ടാവണം. ഏപ്രിൽ 10, 11 തീയതികളിൽ ആരോഗ്യകേന്ദ്രങ്ങളിൽ കൊവിഡ് മോക് ഡ്രിൽ നടത്താനും സംസ്ഥാനങ്ങൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. മോക് ഡ്രിൽ സംസ്ഥാന ആരോഗ്യമന്ത്രിമാർ വിലയിരുത്തണം.