പ്രധാനമന്ത്രി നരേന്ദ്ര മോദി File
India

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ മാപ്പില്ല: പ്രധാനമന്ത്രി

ജൽഗാവ്: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാപ്പർഹിക്കുന്നില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റക്കാരെ വെറുതേവിടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മഹാരാഷ്‌ട്രയിലെ ജൽഗാവിൽ ലഖ്പതി ദീദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ വനിതാ ഡോക്റ്ററെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതു രാജ്യവ്യാപകമായി നടുക്കവും രോഷവുമുണ്ടാക്കിയതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

സ്ത്രീ സുരക്ഷയ്ക്ക് പ്രധാന പരിഗണന നൽകണം. അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും സുരക്ഷ സംബന്ധിച്ച വിഷയം പ്രധാനമെന്ന് ഞാൻ ചെങ്കോട്ടയിലെ പ്രസംഗത്തിൽ പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തെ ഏതു സംസ്ഥാനത്തുമുള്ള സഹോദരിമാരുടെയും പെൺമക്കളുടെയും രോഷവും വേദനയും എനിക്ക് മനസിലാകും. ഇത്തരം കേസുകളിൽ പ്രതികളെ വെറുതേവിടരുതെന്ന് ഞാൻ എല്ലാ രാഷ്‌ട്രീയ കക്ഷികളുടെയും നേതാക്കളോടും സംസ്ഥാന സർക്കാരുകളോടും നിർദേശിച്ചിട്ടുണ്ട്. പ്രതികളെ സഹായിക്കുന്നവരെയും വെറുതേവിടില്ല.

ആശുപത്രി, സ്കൂൾ, സർക്കാർ ഓഫിസ്, പൊലീസ് സ്റ്റേഷൻ തുടങ്ങി എവിടെ വീഴ്ചയുണ്ടായാലും എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. സർക്കാരുകൾ വരുകയും പോകുകയും ചെയ്യും. എന്നാൽ, സ്ത്രീകളുടെ ജീവനും അന്തസും സംരക്ഷിക്കുന്നത് സമൂഹത്തിന്‍റെയും സർക്കാരിന്‍റെയും വലിയ ഉത്തരവാദിത്വമാണ്.

കഴിഞ്ഞ 10 വർഷത്തിനിടെ സ്ത്രീശാക്തീകരണത്തിനും സുരക്ഷയ്ക്കും സർക്കാർ ഏറെ കാര്യങ്ങൾ ചെയ്തു. സ്ത്രീകള്‍ക്കെതിരേ അതിക്രമം നടത്തുന്നവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ നല്‍കാന്‍ സർക്കാർ നിയമങ്ങള്‍ നിരന്തരം കര്‍ശനമാക്കുകയാണ്.

പരാതികളുടെ എഫ്ഐആറുകള്‍ കൃത്യസമയത്ത് രജിസ്റ്റര്‍ ചെയ്യാത്തതും കേസുകള്‍ കാലതാമസം എടുത്തിരുന്ന മുന്‍കാലത്തെ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഭാരതീയ ന്യായ് സംഹിതയില്‍ (ബിഎന്‍എസ്) ഇത്തരം തടസങ്ങള്‍ നീങ്ങിയിട്ടുണ്ടെന്നും അതിലെ ഒരു അധ്യായം മുഴുവന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ളതാണെന്നും വിശദീകരിച്ചു.

പൊലീസ് സ്‌റ്റേഷനില്‍ പോകാന്‍ താത്പര്യമില്ലെങ്കില്‍ ഇരകള്‍ക്ക് ഇ-എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം. പൊലീസ് സ്‌റ്റേഷന്‍ തലത്തില്‍ ഇ-എഫ്ഐആറില്‍ കൃത്രിമം കാണിക്കാനാവില്ല. ത്വരിതഗതിയിലുള്ള അന്വേഷണത്തിനും കുറ്റവാളികളെ കര്‍ശനമായി ശിക്ഷിക്കുന്നതിനും ഇത് സഹായിക്കും. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷയും ജീവപര്യന്തം തടവും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ലഖ്പതി ദീദി പദ്ധതി’യിൽ ഉൾപ്പെട്ടവർക്കായി 2,500 കോടി രൂപ പ്രധാനമന്ത്രി വിതരണം ചെയ്തു.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്